സ്വന്തം ലേഖകന്‍: പാക്കിസ്താനില്‍ ജനാധിപത്യം വേറുറപ്പിക്കട്ടെ; നിയുക്ത പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് മോദിയുടെ ആശംസ. പാക്കിസ്ഥാന് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ പാക്കിസ്ഥാന് തെഹ്രീകെ ഇന്‍സാഫ്(പിടിഐ) യുടെ അധ്യക്ഷന്‍ ഇമ്രാന് ഖാനെ അഭിനന്ദിച്ച പ്രധാനമന്ത്രി മോദി ഇമ്രാന് ഖാന്റെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ ജനാധിപത്യത്തിന്റെ വേരുകള്‍ ഉറയ്ക്കുമെന്നാണു പ്രതീക്ഷയെന്ന് വ്യക്തമാക്കി.
അയല്‍രാജ്യത്തെ സമാധാനവും വികസനവുമാണ് തന്റെ ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഇമ്രാന് ഖാന് പാക്കിസ്ഥാന് പ്രധാനമന്ത്രിയായാല്‍ അതിര്‍ത്തിയില്‍ സമാധാനം പ്രതീക്ഷിക്കേണ്ടതില്ലെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇന്ത്യയുമായുള്ള പ്രശ്നങ്ങളില്‍ ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ഇമ്രാന് ഖാന് പ്രഖ്യാപിച്ചു.
ജമ്മു കശ്മീര്‍ വിഷയമുള്‍പ്പെടെ എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണമെന്നാണു പുതിയ സര്‍ക്കാരിന്റെ ആഗ്രഹം. ഇന്ത്യ ഇതിനു വേണ്ടി ഒരു ചുവടു വച്ചാല്‍, ഞങ്ങള്‍ രണ്ടു ചുവടു വയ്ക്കാന്‍ തയാറാണ്. എന്നാല്‍ ഇതിന് ഒരു തുടക്കവും ആവശ്യമാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി നടന്ന പൊതുയോഗത്തില്‍ ഇമ്രാന് ഖാന് വ്യക്തമാക്കി. പിന്നാലെ പാക്കിസ്ഥാനില്‍ നിന്ന് സമാധാനം ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യയും പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല