സ്വന്തം ലേഖകന്‍: ഇന്തോ അമേരിക്കന്‍ പ്രതിരോധ വ്യാപാരക്കരാര്‍; ഇന്ത്യയ്ക്ക് നാറ്റോ രാജ്യങ്ങള്‍ക്ക് തുല്യമായ പദവി നല്‍കി യുഎസ്. യു.എസില്‍നിന്നു നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച പ്രതിരോധ ഉത്പന്നങ്ങള്‍ അടക്കമുള്ളവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഇതോടെ ലളിതമാകും. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍1 (എസ്.ടി.എ.1) പദവി ട്രംപ് ഭരണകൂടം ഇന്ത്യക്കു നല്‍കിയത്.
ആദ്യമായാണ് ഈ പദവി ഒരു ദക്ഷിണേഷ്യന്‍ രാജ്യത്തിനു ലഭിക്കുന്നത്. നാറ്റോ അംഗങ്ങളടക്കം 36 രാജ്യങ്ങളാണു പട്ടികയിലുള്ളത്. ഓസ്‌ട്രേലിയ, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. എസ്.ടി.എ.1 പട്ടികയിലുള്ള രാജ്യങ്ങളിലേക്ക് യു.എസില്‍നിന്ന് ഇത്തരം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനു തടസ്സമില്ല. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആയുധങ്ങള്‍ ഇന്ത്യക്കു ലഭിക്കാന്‍ മുമ്പുണ്ടായിരുന്നത്ര നടപടിക്രമങ്ങള്‍ ഇനി പാലിക്കേണ്ടതില്ല.
പ്രതിരോധം അടക്കമുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതാണ് ഈ നീക്കമെന്നു വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ അഭിപ്രായപ്പെട്ടു.’യു.എസിന്റേതു യുക്തിപൂര്‍വമായ തീരുമാനമാണ്. യു.എസ്. സെക്രട്ടറി ഓഫ് കൊമേഴ്‌സ് വില്‍ബര്‍ റോസ് നടത്തിയ പ്രഖ്യാപനത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നു,’ രവീഷ് കുമാര്‍ പറഞ്ഞു.
പ്രധാനപ്പെട്ട ഒരു മാറ്റമെന്നു വിശേഷിപ്പിച്ചാണു തിങ്കളാഴ്ച റോസ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്തിടെ എസ്.ടി.എ.2 പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചിരുന്നു. ഇന്ത്യയുടെ വിദേശ, പ്രതിരോധ മന്ത്രിമാരുമായി യു.എസ്. അധികൃതര്‍ ഒരുമാസമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണു യു.എസിന്റെ പ്രഖ്യാപനം. ഇന്ത്യയെ തങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളിയായി 2016 ജൂണില്‍ യു.എസ്. അംഗീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല