സ്വന്തം ലേഖകന്‍: മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനം കണ്‍ട്രോള്‍ റൂമിന് സംഭവിച്ച വീഴ്ച; മലേഷ്യന്‍ വിമാന അതോറിറ്റി മേധാവി രാജിവച്ചു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് മലേഷ്യന്‍ വിമാന അതോറിറ്റി മേധാവി അസറുദ്ദീന്‍ അബ്ദുറഹ്മാന്‍ രാജിവച്ചത്. മലേഷ്യന്‍ വിമാനം എം.എച്ച് 370ന്റെ തിരോധാനം കരുതിക്കൂട്ടിയുള്ള ഇടപെടലിന്റെ ഫലമാണെന്ന അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്ന ഉടനെയായിരുന്നു അസറുദ്ദീന് അബ്ദുറഹ്മാന്റെ രാജി പ്രഖ്യാപനം.
എട്ടു രാജ്യങ്ങളുടെ സംയുക്ത അന്വേഷണത്തിലൂടെ തയ്യാറാക്കിയ ആയിരത്തിലധികം പേജുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് മലേഷ്യന്‍ വിമാനത്തിന്റെ തിരോധാനത്തിനു പിന്നില്‍ നിഗൂഢതകള്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. വിമാനം കാണാതാകുന്ന സമയത്ത് മലേഷ്യയിലെയും വിയറ്റ്‌നാമിലെയും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗങ്ങള്‍ ചട്ടപ്രകാരം പ്രവര്‍ത്തിച്ചില്ലെന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യാത്ര ചെയ്യേണ്ടിയിരുന്ന റൂട്ടില്‍ നിന്നു വിമാനം മനഃപൂര്‍വം മാറ്റി സഞ്ചരിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്.
സാങ്കേതിക തകരാര്‍ സംഭവിച്ചതാകാം വിമാനം കാണാതായതിന് പിന്നില്‍ എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന നിഗമനം. എന്നാല്‍ പുതിയ റിപ്പോര്‍ട്ടിന്റെ വരവോടെ അത് മാറുകയാണ്. ഇതിനു പിന്നാലെ വിമാനത്തിലുണ്ടായവരുടെ ബന്ധുക്കള്‍ പ്രതിഷേധവുമായി വന്നതോടെയാണ് വിമാന അതോറിറ്റി മേധാവി രാജി വെക്കാന്‍ തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല