സ്വന്തം ലേഖകന്‍: യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിലും ഫേസ്ബുക്ക് വ്യാജന്മാര് ഇടപെടുമെന്ന് മുന്നറിയിപ്പ്; വ്യാജ അക്കൗണ്ടുകള്‍ക്കായി തെരച്ചില്‍. നവംബറില്‍ യുഎസില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തുടങ്ങിയ 32 പേജുകള്‍/അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ഫെയ്സ്ബുക്ക് അധികൃതര്‍ അറിയിച്ചു. ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്സ്ബുക്കും അതില്‍നിന്നു ചോര്‍ത്തിയ വിവരങ്ങളും പ്രചാരണത്തിന് ഉപയോഗപ്പെടുത്തിയിരുന്നു.
ഫെയ്സ്ബുക് വിവരച്ചോര്‍ച്ച ലോകമെങ്ങും വലിയ വിവാദമാവുകയും കേസുകള്‍ക്കു കാരണമാവുകയും ചെയ്തു. വിവരചോര്ച്ചയ്ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിച്ചു വരികയാണ് തങ്ങളെന്നാണു ഫെയ്സ്ബുക് അവകാശപ്പെടുന്നത്. 2016 ലുണ്ടായതു പോലെ ഇത്തവണയും ഫെയ്സ്ബുക് പ്രചാരണത്തില്‍ റഷ്യന്‍ ഇടപെ!ടലുണ്ടെന്നു സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റിയിലെ ഡമോക്രാറ്റ് അംഗമായ മാര്‍ക് വാര്‍ണര്‍ പറഞ്ഞു.
എന്നാല്‍, പ്രചാരണശ്രമങ്ങള്ക്കു 2016 ലേതുമായി ഏറെ സാമ്യമുണ്ടെങ്കിലും റഷ്യയുമായി ബന്ധിപ്പിക്കാന്‍ മതിയായ തെളിവില്ലെന്നാണ് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ നിലപാട്. 2016 ല്‍ ഡോണള്‍ഡ് ട്രംപിന് അനുകൂലമായി ഫെയ്സ്ബുക്കില്‍ പ്രചാരണം നടത്തിയതിന് 13 റഷ്യക്കാരുടെയും റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലുള്ള ഇന്റര്‍നെറ്റ് ഗവേഷണ സ്ഥാപനത്തിന്റെയും മേല്‍ യുഎസ് നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല