സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരന് ഉള്‍പ്പെടെ മൂന്നുപേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇന്ത്യ, മലേഷ്യ, മാസിഡോണിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇവര്‍ പ്രശസ്ത ഫ്രഞ്ച് ഭക്ഷണ വിതരണ കമ്പനിയായ സോഡെക്സിലെ ഉദ്യോഗസ്ഥരായിരുന്നു. കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന് 39 വയസ്സുണ്ടെന്ന് അറിയിച്ചതല്ലാതെ പേരുവിവരങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
അഫ്ഗാന് തലസ്ഥാനമായ കാബുളില്‍ ജോലിയുടെ ഭാഗമായി യാത്ര ചെയ്തിരുന്ന ഇവരെ രാവിലെ എട്ടരയോടെ തോക്കുധാരികള്‍ വാഹനത്തില്‍നിന്നു ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. വാഹനത്തിന്റെ അഫ്ഗാനിസ്ഥാന്‍കാരനായ ഡ്രൈവര്‍ 20 മിനിറ്റിനകം സമീപത്തെ പൊലീസ് സ്റ്റേഷനില്‍ ഓടിയെത്തി വിവരം അറിയിച്ചു. തുടര്‍ന്നു പൊലീസ് നഗരത്തില്‍ വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു.
രണ്ടു മണിക്കൂറിനുശേഷം ഇവരുടെ വെടിയേറ്റ മൃതദേഹങ്ങളാണു ലഭിച്ചത്. വിദേശികളെ തട്ടിക്കൊണ്ടുപോകുന്നതും മോചനദ്രവ്യം ലഭിച്ചില്ലെങ്കില്‍ വധിക്കുന്നതും അഫ്ഗാനില്‍ ഇപ്പോള്‍ ഭീകരസംഘടനകളുടെ സ്ഥിരം പരിപാടിയാണ്. ഈ സംഭവത്തില്‍ ഭീകര സംഘടനകളൊന്നും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല