സ്വന്തം ലേഖകന്‍: ഇന്ത്യയിലേയും ബ്രസീലിലേയും പൊതുതിരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്വാധീനിക്കാന്‍ റഷ്യ ഇടപെടുമെന്ന് മുന്നറിയിപ്പ്. ഇതിനായി ഈ രാജ്യങ്ങളിലെ മാധ്യമങ്ങളേയും സാമൂഹ്യ മാധ്യമങ്ങളേയും റഷ്യ ഉപയോഗിക്കാന്‍ സാധ്യതയുള്ളതായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സാമൂഹ്യമാധ്യമ വിദഗ്ധന്‍ ഫിലിപ്പ്.എന്‍. ഹൊവാര്‍ഡാണ് മുന്നറിയിപ്പ് നല്‍കിയത്.
കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വഴി റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന ആരോപണത്തില്‍ യുഎസ് സെനറ്റ് ആന്റ് ഹൗസ് ഇന്റലിജന്‍സ് കമ്മറ്റി നടത്തിയ തെളിവെടുപ്പിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ ഫിലിപ്പ് തയ്യാറായില്ല. ഈ രാജ്യങ്ങളിലെ മാധ്യമങ്ങള്‍ക്ക് അമേരിക്കന്‍ മാധ്യമങ്ങളേക്കാള്‍ പ്രൊഫഷണലിസവും പക്വതയും കുറവായതിനാല്‍ ഇത്തരമൊരു സാഹചര്യം ഭീതിജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. റഷ്യ അമേരിക്കയെ ലക്ഷ്യം വെക്കുന്നത് അവസാനിപ്പിച്ചുവെന്നും ഇപ്പോള്‍ അവരുടെ ശ്രദ്ധ അടുത്ത് തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന വലിയ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയിലേക്കും ബ്രസിലിലേക്കും തിരിഞ്ഞിട്ടുണ്ടെന്നുമാണ് ഫിലിപ്പ്.എന്‍. ഹൊവാര്‍ഡ് ചൂണ്ടിക്കാട്ടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല