സ്വന്തം ലേഖകന്‍: വിലക്കിന്റെ കാലാവധി തീരും മുമ്പേ സ്റ്റാമ്പിങ്ങിനെത്തുന്ന വിസകള്‍ക്കെതിരെ കടുത്ത നടപടിയുമായി സൗദി. സ്പോണ്സര് ഒളിച്ചോട്ട പരാതി കൊടുത്ത ആളുകളുടെ വിസ സ്റ്റാമ്പിങിന് കൊണ്ടു പോകുന്ന ഇന്ത്യയിലെ ഏജന്റുമാരുടെ കാര്‍ഡുകള്‍ സൗദി കോണ്‍സുലേറ്റ് പിടിച്ചു വെക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ എന്‍ട്രി, ഫിംഗര്‍ പ്രശ്നങ്ങളുള്ളരുടെ വിസ സ്റ്റാമ്പിങ് നടത്താന്‍ ശ്രമിച്ചവരും വെട്ടിലായി. വിലക്ക് കാലാവധിക്ക് മുമ്പേ സ്റ്റാമ്പിങിന് കൊണ്ടു പോകുന്നതാണ് നിലവില്‍ കര്‍ശനമായി തടയുന്നത്.
വെക്കേഷന് വേണ്ടി റീ എന്‍ട്രിയില്‍ നാട്ടിലെത്തിയവരില്‍ ചിലര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ മടങ്ങാന്‍ കഴിയാറില്ല. ഇവര്‍ റീ എന്‍ട്രി കാലാവധി സ്പോണ്‍സറുടെ അനുമതിയോടെ നീട്ടുകയാണ് പതിവ്. ഈ നടപടിയൊന്നും തീര്‍ക്കാതെ റീ എന്‍ട്രി കാലാവധി കഴിഞ്ഞ് സൗദിയിലേക്ക് വിദേശികള്‍ക്ക് മടങ്ങണമെങ്കില്‍ മൂന്ന് വര്‍ഷം കഴിയണം. ഇതാണ് നിയമം. എന്നാല്‍ ഇതു ശ്രദ്ധിക്കാതെ ട്രാവല്‍ ഏജന്റുമാര്‍ മൂന്നു വര്‍ഷ വിലക്ക് കാലാവധിക്ക് മുമ്പേ സൗദിയിലേക്ക് പുതിയ വിസക്ക് ശ്രമിക്കും. ചിലപ്പോള്‍ പുതിയ വിസ കോണ്‍സുലേറ്റില്‍ നിന്ന് സ്റ്റാമ്പിങ് നടത്തുകയും ചെയ്യും.
പക്ഷേ സൗദി വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ വിഭാഗങ്ങളില്‍ ഇവരെ തടഞ്ഞു വെച്ച് മടക്കി അയക്കാറാണ് പതിവ്. ഇതിനാണിപ്പോള്‍ കടിഞ്ഞാണ്‍. വിലക്കുള്ളവരുടെ പാസ്പോര്‍ട്ടുമായി എത്തുന്ന ഏജന്റുമാരുടെ പെര്‍മിറ്റ് കാര്‍ഡുകള്‍ പിടിച്ചു വെച്ചു തുടങ്ങി. വെള്ളിയാഴ്ച മുതല്‍ ഇങ്ങനെ ചെയ്യരുതെന്ന വിലക്ക് ലംഘിച്ചവര്‍ക്കെതിരെയാണ് നടപടി. ഇവരുടെ സേവനങ്ങളും റദ്ദാക്കിയേക്കും. റീ എന്‍ട്രി പാലിക്കാത്തവര്‍ക്ക് പുറമെ ഹുറൂബുകാര്‍ക്കും പുതിയ നിയമം ബാധകമാണ്.
ഹുറൂബ് അഥവാ ഒളിച്ചോടിയെന്ന സ്പോണ്‍സറുടെ പരാതി നിലനില്‍ക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം കഴിഞ്ഞേ സൗദിയിലേക്ക് മടങ്ങാനാകൂ. പൊലീസ് കേസുള്ളവര്‍ക്ക് കേസ് കഴിയും വരെ കാത്തിരിക്കണം. ഇവരില്‍ ചിലര്‍ക്കും വിസ ലഭിച്ചാലും സൗദി എയര്‍പോര്‍ട്ടില്‍ നിന്നാണ് മടക്കാറ്. ഇതിന് മുമ്പ് വിസ സ്റ്റാമ്പിങിന് ശ്രമിച്ചാല്‍ ട്രാവല്‍ ഏജന്റുമാര്‍ക്കും തിരിച്ചടിയാകും ഫലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല