സ്വന്തം ലേഖകന്‍: ചാന്ദ്രയാന്‍ 2 വിക്ഷേപണം വൈകിയേക്കും; ബഹിരാകാശ മത്സരത്തില്‍ ഇസ്രയേല്‍ ഇന്ത്യയെ മറികടക്കുമെന്ന് സൂചന. 2018 ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്നാണ് 2019 ഫെബ്രുവരിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് ബെംഗളൂരുവിലെ യു.ആര്. റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.എം. അണ്ണാദുരൈയെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടുചെയ്തു.
ചാന്ദ്ര ദൗത്യത്തിലെ കാലതാമസം ഈ രംഗത്ത് ഇന്ത്യയെ ഇസ്രായേല്‍ മറികടക്കാന്‍ ഇടവരുത്തിയേക്കും. ‘സ്പാരോ’ എന്നു പേരിട്ടിരിക്കുന്ന ഇസ്രായേല്‍ ചാന്ദ്ര ദൗത്യം സ്പേസ്ഐ.എല്‍ എന്ന കമ്പനിയുടെ സഹായത്തോടെ ഈ വര്‍ഷം ഡിസംബറിലാണ് വിക്ഷേപണത്തിന് ഒരുങ്ങുന്നത്. അമേരിക്കയുടെ ഫാല്‍ക്കണ്‍9 റോക്കറ്റ് ഉപയോഗിച്ച് നടത്തുന്ന പദ്ധതിയിലൂടെ ‘സ്പാരോ’ 2019 ഫെബ്രുവരി 13ന് ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനു മുമ്പ് ചാന്ദ്ര ദൗത്യം വിജയകരമായി നടത്തിയിട്ടുള്ളത്. ഇന്ത്യയും ഇസ്രായേലും നേര്‍ക്കു നേര് വരുമ്പോള്‍ ആരാകും പട്ടികയില്‍ അടുത്ത സ്ഥാനത്ത് വരികയെന്നാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്.
ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍2 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാനാണ് ലക്ഷ്യമിടുന്നത്. ആറ് ചക്രങ്ങളുള്ള മൂണ്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ പഠനങ്ങള്‍ നടത്തും. ഇന്ത്യന്‍ പതാകയുടേയും ദേശീയ മുദ്രയുടേയും അടയാളം ചന്ദ്രോപരിതലത്തില്‍ പതിപ്പിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നും 2019 ഫെബ്രുവരിയില്‍ വിക്ഷേപിക്കുന്ന ചന്ദ്രയാന്‍2 ഇന്ത്യയുടെ ജി.എസ്.എല്‍.വി. മാര്‍ക്ക് 3 റോക്കറ്റ് ഉപയോഗിച്ചാവും വിക്ഷേപിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല