സ്വന്തം ലേഖകന്‍: വെനിസ്വേലന്‍ പ്രസിഡന്റിനു നേരെ വധശ്രമം; ആറു പേര് അറസ്റ്റില്‍; പിന്നില്‍ യുഎസും കൊളംബിയയുമെന്ന് വെനിസ്വേല. പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്കു നേരെ ഡ്രോണ്‍ ഉപയോഗിച്ചുണ്ടായ വധശ്രമക്കേസില്‍ ആറു പേര് അറസ്റ്റില്‍. 2017ല്‍ പട്ടാള കേന്ദ്രത്തിലുണ്ടായ ആക്രമണത്തിലെ പ്രതിയാണ് ഇവരില്‍ ഒരാളെന്നും മറ്റൊരാള്‍ 2014ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുത്തിട്ടുള്ളയാളാണെന്നും ആഭ്യന്തരമന്ത്രി നെസ്റ്റര്‍ റെവറോള്‍ അറിയിച്ചു.
ആറുമാസമായി ഈ സംഘം മഡുറോയ്ക്കെതിരായ ആക്രമണത്തിനു തയാറെടുക്കുകയായിരുന്നുവെന്ന് വാര്‍ത്താവിനിമയ മന്ത്രി ജോര്‍ജ് റോഡ്രിഗ്സ് അറിയിച്ചു. കരാക്കസില്‍ സൈനിക പരേഡിനെ അഭിസംബോധന ചെയ്തു മഡുറോ പ്രസംഗിക്കുന്നതിനിടെയാണ് സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വീണു പൊട്ടിത്തെറിച്ചത്. യുഎസും കൊളംബിയയിലെ തീവ്ര വലതുപക്ഷവും ആണ് വധശ്രമത്തിനു പിന്നിലെന്നു മഡുറോ ആരോപിച്ചിരുന്നു.
‘ടീ ഷര്‍ട്ടണിഞ്ഞ സൈനികര്‍’ എന്നു പേരുള്ള ഒരു സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ആക്രമണമുണ്ടായ ഉടന്‍ വധശ്രമമാണെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു മാപ്പു നല്‍കില്ലെന്നും മഡുറോ നേരിട്ടു പ്രഖ്യാപിച്ചതോടെ, പ്രതിപക്ഷത്തിനും വിമര്ശകര്ക്കുമെതിരെയുള്ള കടുത്ത നടപടികള്‍ക്കു പ്രസിഡന്റ് തുനിഞ്ഞേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല