സ്വന്തം ലേഖകന്‍: ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് തള്ളിക്കളഞ്ഞ് സമരത്തിനൊരുങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍; എന്‍എച്ച്എസില്‍ പുതിയ പ്രതിസന്ധിയ്ക്ക് കളമൊരുങ്ങുന്നു. കഴിഞ്ഞ മാസം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അനുവദിച്ച 1 ശതമാനം ശമ്പള വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങുകയാണ് ഡോക്ടര്‍മാരുടെ യൂണിയനായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അംഗങ്ങളുടെ അഭിപ്രായം ശേഖരിക്കുന്നതിന്റെ ഭാഗമായി ബിഎംഎയുടെ ജൂനിയര്‍ ഡോക്ടേഴ്‌സ് കമ്മിറ്റി സര്‍വേ നടത്തിയിരുന്നു.
2500 ഡോക്ടര്‍മാര്‍ നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്ത 80 ശതമാനം പേരും സമരത്തെ പിന്തുണച്ച് രംഗത്തെത്തി. ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ അനുകൂലിക്കുന്ന കാര്യത്തില്‍ ഇനി ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനിലെ സീനിയര്‍ അംഗങ്ങളായ അവരുടെ കൗണ്‍സിലിന്റേതാണ് അടുത്ത തീരുമാനം. ഔദ്യോഗിക ബാലറ്റ് പ്രഖ്യാപിച്ച് 55000 ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ സമരത്തെക്കുറിച്ച് അന്വേഷിക്കുന്നതാണ് അടുത്ത നടപടി. അടുത്ത ആറ്എട്ട് ആഴ്ചയ്ക്കുള്ളില്‍ തുടര്‍നടപടികള്‍ പ്രതീക്ഷിക്കാം.
അന്തിമഫലം അനുസരിച്ചാകും യൂണിയന് നിയമപരമായി സമരം ചെയ്യാനുള്ള അനുമതി ലഭിക്കുക. 2016ലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ അവസാനമായി ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഇറങ്ങിയത്. ശൈത്യകാലത്ത് നാല് തവണ വാക്കൗട്ട് നടത്തിയത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കിയിരുന്നു. ആ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലഘട്ടത്തില്‍ 23000 ഓപ്പറേഷനുകളും, 1 ലക്ഷം ഔട്ട്‌പേഷ്യന്റ് അപ്പോയിന്റ്‌മെന്റുകളുമാണ് റദ്ദാക്കപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല