സ്വന്തം ലേഖകന്‍: ഇന്തൊനീഷ്യയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 131 ആയി; കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. കഴിഞ്ഞയാഴ്ച 6.9 തീവ്രതയുള്ള ഭൂകമ്പമാണ് ലൊംബോക്ക് ദ്വീപില്‍ ഉണ്ടായത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിന്ന് ഇന്നലെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ പേര് ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണു സംശയം. തിരച്ചില്‍ തുടരുകയാണ്.
പലചരക്കുകടയുടെ അടിയില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ രക്ഷിച്ചു. ലൊംബോക്കിലെ 80% കെട്ടിടങ്ങളും പാലങ്ങളും റോഡുകളും നശിച്ചു. ഭക്ഷണവും മരുന്നും ശുദ്ധജലവും വൈദ്യുതിയും താമസ സൗകര്യവുമില്ലാതെ ആളുകള്‍ ക്ലേശിക്കുകയാണ്.
ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് ഇത് പിന്‍വലിച്ചു. ലോംബക്കിന്റെ തൊട്ടടുത്ത ദ്വീപും ലോകത്തെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുമായ ബാലിയിലും ഭൂകമ്പം ബാധിച്ചു. ബാലിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനലിന് കേടുപാടുകളുണ്ടായി ലോംബക്കില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടു.
ലോംബക്കിലെ മതറം നഗരത്തിലാണ് വലിയ നാശനഷ്ടമുണ്ടായത്. ഇവിടെ ആശുപത്രികളടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഭൂകമ്പ സ്ഥലത്ത് അകപ്പെട്ട അനുഭവം സിംഗപ്പൂര്‍ ആഭ്യന്തര മന്ത്രി കെ ഷണ്മുഖം അടക്കമുള്ളവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല