1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2018

സ്വന്തം ലേഖകന്‍: വിമാനത്തിനുള്ളില്‍ മുന്നു വയസായ കുഞ്ഞിന്റെ കരച്ചില്‍; ബ്രിട്ടീഷ് എയര്‍വേസ് ഇന്ത്യന്‍ ദമ്പതികളെ ഇറക്കിവിട്ട സംഭവം വിവാദമാകുന്നു. ലണ്ടനില്‍ നിന്നും ബെര്‍ലിനിലേക്ക് പറക്കാനിരുന്ന ബി.എ 8495 വിമാനത്തില്‍ നിന്നാണ് ഇന്ത്യന്‍ ദമ്പതികളെ ഇറക്കി വിട്ടത്. ജൂലൈ 23നാണ് സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യാനൊരുങ്ങുമ്പോള്‍ തന്നെ കുഞ്ഞ് നിര്‍ത്താതെ കരയുകയായിരുന്നു.

സീറ്റ് ബെല്‍ട്ടിട്ടതിലുള്ള അസ്വസ്ഥതയെ തുടര്‍ന്നാണ് കുട്ടി കരയാന്‍ തുടങ്ങിയത്. കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ രക്ഷിതാക്കള്‍ ശ്രമിക്കുന്നതിനിടെ കാബിന്‍ അംഗങ്ങളിലൊരാള്‍ വന്ന് പരുഷമായി പെരുമാറി. കുഞ്ഞ് വീണ്ടും കരഞ്ഞതോടെ വിമാനം ടെര്‍മനലിലേക്ക് തന്നെ തിരിച്ച് വിടുകയും ദമ്പതികളെ ഇറക്കി വിട്ട് യാത്ര തുടരുകയുമായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ മാറ്റാന്‍ സഹായിച്ച അടുത്ത സീറ്റിലുണ്ടായിരുന്ന ഇന്ത്യന്‍ ദമ്പതികളെയും ബലംപ്രയോഗിച്ച് ഇറക്കിവിട്ടു.

ബ്രിട്ടീഷ് എയര്‍വേസ് വംശീയമായി പെരുമാറി എന്നാരോപിച്ച് കുഞ്ഞിന്റെ പിതാവ് ഇന്ത്യന്‍ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് പരാതി നല്‍കി. തങ്ങളെ അപമാനിക്കുന്ന രീതിയിലും വംശീയപരമായി അവഹേളിക്കുന്ന വിധത്തിലുമായിരുന്നു വിമാനത്തിലെ ജീവനക്കാരും കമ്പനിയും പെരുമാറിയതെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്.

എന്നാല്‍ ഇത്തരം പരാതികളെ തങ്ങള്‍ വളരെ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്നും യാതൊരു തരത്തിലുമുള്ള വേര്‍തിരിവും അനുവദിക്കില്ലെന്നും ബ്രിട്ടീഷ് എയര്‍വേസ് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു. പരാതിക്കാരനുമായി നേരിട്ട് ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും എയര്‍വേസ് കമ്പനി അറിയിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.