സ്വന്തം ലേഖകന്‍: നോബേല്‍ ജേതാവായ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരന്‍ വിഎസ് നയ്‌പോള്‍ അന്തരിച്ചു. 85 വയസായിരുന്നു. ലണ്ടനിലെ വീട്ടില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. 2001ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചു.
1932 ഓഗസ്റ്റ് 17ന് ട്രിനിഡാഡ് ടൊബാഗോയിലെ ചഗുനാസിലാണ് ജനനം. മുപ്പതിലധികം പുസ്തകങ്ങളില്‍ രചിച്ചു. എ ബെന്‍ഡ് ഇന്‍ ദ റിവര്‍, എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് തുടങ്ങിയവ സാഹിത്യ ആസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ രചനകളാണ്. സാര്‍വലൗകികമായ കഥയാണ് എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിസ്വാസ് എന്ന പുസ്തകത്തിനാധാരം. സ്വന്തമായി ഒരു വീടുണ്ടാക്കാനായി അസംതൃപ്തനായ ഒരു വ്യക്തി നടത്തുന്ന എണ്ണമറ്റ ശ്രമങ്ങളാണ് ഈ കഥ പറയുന്നത്.
മൂന്നാം ലോക ജീവിതത്തിന്റെ ദുരന്തങ്ങളാണ് നയ്‌പോളിന്റെ നോവലുകളുടെയും യാത്രാ വിവരണങ്ങളുടെയും ഉള്ളടക്കം. ഇക്കാരണങ്ങള്‍ കൊണ്ട് പാശ്ചാത്യ സംസ്‌കാരത്തിന്റെ പ്രയോക്തവായി നയ്പാളിനെ വിശേഷിപ്പിക്കുന്നവരുണ്ട്. മൂന്നാം ലോകത്തെ തുറന്നു കാട്ടുന്നതിലൂടെ ശരിയായ സാംസ്‌കാരിക വിമര്‍ശനമാണ് നയ്പാള്‍ നടത്തുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം.
1951ല്‍ പ്രസിദ്ധീകരിച്ച ദി മിസ്റ്റിക് മാസെര്‍ ആണ് നയ്‌പോളിന്റെ ആദ്യ പുസ്തകം. 1971ല്‍ ഇന്‍ എ ഫ്രീ സ്റ്റേറ്റ് എന്ന നോവലിലൂടെ അദ്ദേഹം ബുക്കര്‍ പ്രൈസ് നേടി. മോഡേണ്‍ ലൈബ്രറി പുറത്തിറക്കിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഇംഗ്ലീഷ് നോവലുകളുടെ കൂട്ടത്തില്‍ 83 ആം സ്ഥാനവും ഇന്‍ എ ഫ്രീ സ്റ്റേറ്റിന് ലഭിച്ചു. 1990ല്‍ ബ്രിട്ടനിലെ എലിസബത്ത് 2 രാജ്ഞി നൈപോളിനെ ‘സര്‍’ പദവി നല്‍കി ആദരിച്ചു. പാകിസ്ഥാനിലെ മുന്‍ മാധ്യമപ്രവര്‍ത്തക നാദിറയാണ് ഭാര്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല