സ്വന്തം ലേഖകന്‍: സൂര്യനെ തൊടാന്‍ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്; വിക്ഷേപണം വിജയം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 3.31നാണ് പര്യവേക്ഷണ വാഹനം കുതിച്ചുയര്‍ന്നത്. മനുഷ്യ ചരിത്രത്തിലാദ്യമായി ഒരു നക്ഷത്രത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിനായി ഒരുക്കിയ ദൗത്യത്തിന് 1.5 ബില്യണ്‍ ഡോളറാണ് ചിലവ്.
സൂര്യന്റെ അന്തരീക്ഷമായ കൊറോണയുടെ രഹസ്യങ്ങളേക്കുറിച്ച് പഠനം നടത്തുകയാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ പ്രാഥമിക ലക്ഷ്യം. ഇന്നേവരെ മനുഷ്യനിര്‍മിതമായ ഏതൊരു വസ്തുവിനേക്കാളും സൂര്യനോട് ഏറ്റവുമടുത്തായിരിക്കും പാര്‍ക്കര്‍ സോളാര്‍ പ്രോബ് ഭ്രമണം ചെയ്യുക. പേടകത്തെ ബഹിരാകാശത്തേക്ക് എത്തിക്കുന്നത് ഡെല്‍റ്റ 4 എന്ന ശക്തിയേറിയ റോക്കറ്റാണ്.
സൂര്യന്റെ ഉപരിതലത്തില്‍ നിന്ന് 98 ലക്ഷം കിലോമീറ്റര്‍ വരെ അടുത്തുള്ള ഭ്രമണപഥത്തിലായിരിക്കും പേടകം സൂര്യനെ ചുറ്റുക. ഇത്രയും അടുത്തുള്ള ഭ്രമണപഥത്തില്‍ വെച്ച് സൂര്യന്റെ അതിഭീമമായ താപത്തെ നേരിടാന്‍ കഴിയുന്ന താപ പ്രതിരോധ കവചമാണുള്ളത്. അതി ശക്തമായ ചൂടും സൂര്യനില്‍ നിന്നുള്ള വികിരണങ്ങളെയും നേരിട്ട് സൗരവാതങ്ങളെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താന്‍ പേടകത്തിന് സാധിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല