സ്വന്തം ലേഖകന്‍: നോ മാന്‍സ് ലാന്‍ഡില്‍ കുടുങ്ങിയ റോഹിഗ്യന്‍ മുസ്ലീങ്ങള്‍ക്കുള്ള സഹായം നിര്‍ത്തിവക്കണമെന്ന് ബംഗ്ലാദേശിനോട് മ്യാന്മര്. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ഒറ്റപ്പെട്ടുപോയ ആറായിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് ബംഗ്ലാദേശിനോട് മ്യാന്മര്. മ്യാന്മറിലെ സൈനിക നടപടിയെ ഭയന്ന് രാജ്യം വിട്ടവരില്പെട്ട ഒരു സംഘത്തിന് ബംഗ്ലാദേശിലും പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനു രണ്ടിനുമിടയില്‍ വിജനമായ ഭൂപ്രദേശത്ത് കുടുങ്ങിയതിനെ തുടര്‍ന്ന് ബംഗ്ലാദേശ് അന്തര്‍ദേശീയ സഹായസംഘത്തെ ഇവരുടെ അടുത്തേക്ക് അയച്ചിരുന്നു. ഈ സഹായം നിര്‍ത്തിവെക്കണമെന്ന് മ്യാന്മറിന്റെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥനായ ക്യാവ ടിന്റ് സ്വി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയായ എ.എച്ച്. മഹ്മൂദ് അലിയുമായി നടത്തിയ സംഭാഷണത്തിനിടെ ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, തങ്ങളുടെ ഭാഗത്തുനിന്നു സഹായമെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ അഭ്യര്‍ഥന നടത്തിയതെന്ന് മ്യാന്മര് മന്ത്രാലയം പറയുന്നു. മ്യാന്മറിലേക്ക് തിരിച്ചുവരാമെന്ന് ഭരണകൂടം അറിയിച്ചിട്ടും ആരും അതിന് തയാറാവാത്ത സാഹചര്യമാണ്. തങ്ങളുടെ വാഗ്ദാനം സ്വീകരിക്കാത്തപക്ഷം അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് നേരത്തേ മ്യാന്മര് മന്ത്രി അഭയാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മടങ്ങിച്ചെല്ലുന്നവര്ക്ക് മ്യാന്മര് സര്‍ക്കാര്‍ മതിയായ ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കി നല്കാന് തയാറാവുന്നില്ലെന്നും അതിനിടയില്‍ ബംഗ്ലാദേശിന്റെ സഹായംകൂടി നിലച്ചാല്‍ ഗുരുതരമായ പ്രശ്നമായിരിക്കും തങ്ങള്‍ നേരിടേണ്ടിവരുകയെന്നും റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ നേതാവ് ദില്‍ മുഹമ്മദ് ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല