സ്വന്തം ലേഖകന്‍: ലിറയുടെ മൂല്യം കുത്തനെ താഴോട്ട്; തുര്‍ക്കിയില്‍ കറന്‍സി പ്രതിസന്ധി രൂക്ഷമാകുന്നു. ഡോളറുമായി വിനിമയത്തില്‍ തുര്‍ക്കി നാണയമായ ലിറ കുത്തനെ വീണതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കവുമായി ഉര്‍ദുഗാന്‍ സര്‍ക്കാര്‍. ഡോളറുമായുള്ള വിനിമയത്തില്‍ തിങ്കളാഴ്ച മാത്രം ഏഴു ശതമാനം മൂല്യമാണ് തുര്‍ക്കിയുടെ നാണയമായ ലിറയ്ക്ക് നഷ്ടമായത്.
ലിറയുടെ വന്‍വീഴ്ച ഒഴിവാക്കാന്‍ തുര്‍ക്കി സെന്‍ട്രല്‍ ബാങ്ക് ഇടപെട്ടിട്ടും കാര്യമായ മാറ്റം ഉണ്ടാക്കാനായിട്ടില്ല. ഈ വര്‍ഷം മാത്രം 45 ശതമാനമാണ് ലിറയുടെ മൂല്യനഷ്ടം. സമ്പദ്‌വ്യവസ്ഥയില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ സ്വാധീനത്തെ ചൊല്ലിയുള്ള ആധികളും അമേരിക്കയുടെ പുതിയ തീരുവ പ്രഖ്യാപനവുമാണ് ഏറ്റവുമൊടുവില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്.
തുര്‍ക്കിയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്കിന് തീരുവ ഇരട്ടിയാക്കാന്‍ കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തുര്‍ക്കിയുടെ നാണയം വന്‍തോതില്‍ ഇടിഞ്ഞത്. പുതിയ പ്രതിസന്ധി തുര്‍ക്കിക്കു നേരെയുള്ള ആക്രമണമാണെന്ന് ധനമന്ത്രി ബീറാത് അല്‍ബൈറഖ് കുറ്റപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല