സ്വന്തം ലേഖകന്‍: ഭാര്യയോടുള്ള പക തീര്‍ക്കാന്‍ വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കിയ അമേരിക്കന്‍ പൈലറ്റിന് ദാരുണാന്ത്യം. അമേരിക്കയിലെ ഓഹിയോയില്‍ ഡ്വെയ്ന്‍ യൂദ എന്ന 47 കാരനാണ് കൊല്ലപ്പെട്ടത്. വഴക്കിനിടെ ഭാര്യയെ മര്‍ദ്ദിച്ചെന്ന കുറ്റത്തിന് ഞായറാഴ്ച യൂദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇയാള്‍ ഭാര്യയോടുള്ള പ്രതികാരം ചെയ്യാനാണ് വിമാനം വീടിന് മുകളിലേക്ക് ഇടിച്ചിറക്കിയത്. തന്റെ രണ്ടു നില വീടിന് മുകളിലേക്ക് ഇയാള്‍ വിമാനം ഇടിച്ചിറക്കുന്ന സമയത്ത് ഭാര്യയും മകനും വീടിനുള്ളിലുണ്ടായിരുന്നു. എന്നാല്‍ ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ, ഇടിയുടെ ആഘാതത്തില്‍ വീട് കത്തിയമര്‍ന്നു.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് യൂദിന്റെ മൃതദേഹം കണ്ടെടുത്തു. പരിചയ സമ്പന്നനായ പൈലറ്റായിരുന്നു യൂദെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏത് കമ്പനിയുടേതാണ് വിമാനം എന്ന് കണ്ടെത്താനായിട്ടില്ല. വിമാനവും വീടിന് പുറത്ത് കിടന്ന കാറുകളും അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല