സ്വന്തം ലേഖകന്‍: കൊറിയന്‍ ഉച്ചകോടി സെപ്റ്റംബറില്‍ പ്യോഗ്യാംഗില്‍; ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും പങ്കെടുക്കും. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. അടുത്തമാസം ചര്‍ച്ച എന്നല്ലാതെ കൃത്യമായ തീയതിയോ അജന്‍ഡയോ വ്യക്തമാക്കാന്‍ പ്രതിനിധി സംഘങ്ങള്‍ തയാറായില്ല.
കിമ്മും മൂണും തമ്മിലുള്ള മൂന്നാമത്തെ ചര്‍ച്ചയായിരിക്കും ഇത്. ഏപ്രിലില്‍ പാന്‍മുന്‍ജോമില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. സിംഗപ്പൂരിലെ കിംട്രംപ് ഉച്ചകോടിക്കു മുന്നോടിയായി മേയിലും കിമ്മും മൂണും ചര്‍ച്ച നടത്തിയിരുന്നു. ഉത്തരകൊറിയ ഉദ്ദേശിച്ച വേഗത്തില്‍ ആണവനിരായുധീകരണ നടപടികള്‍ എടുക്കുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് മൂണ്‍കിം കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്.
അതേസമയം പ്യോഗ്യാംഗിനെതിരേയുള്ള ഉപരോധ നടപടികള്‍ തുടരുകയാണ്. ഇക്കാര്യം സെപ്റ്റംബര്‍ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവരുമെന്നു കരുതപ്പെടുന്നു. ഇരുകൊറിയകളും തമ്മില്‍ നിലവിലുള്ള വെടിനിര്‍ത്തലിനു പകരം കൊറിയന്‍ യുദ്ധം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യും. എന്നാല്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നതിനുള്ള സമയമായിട്ടില്ലെന്നാണ് അമേരിക്കയുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല