സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് ഗേറ്റിലേക്ക് അജ്ഞാതന്‍ കാര്‍ ഇടിച്ചു കയറ്റി; രണ്ടു പേര്‍ക്ക് പരുക്കേറ്റു; ഭീകരാക്രമണമെന്ന് സംശയം. സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കേയാണ് സംഭവം. ചൊവ്വാഴ്ചയാണ് രാവിലെ 7 മണിയോടെ പാര്‍ലമെന്റ് പരിസരത്ത് തിരക്കേറിയ സമയത്തായിരുന്നു ആക്രമണം ഉണ്ടായത്. കാറോടിച്ചയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മനഃപൂര്‍വ്വം അപകടം സൃഷ്ടിച്ചതാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഭീകരാക്രമണ സാധ്യത തള്ളിക്കളഞ്ഞിട്ടില്ല എന്നും പോലീസ് പറഞ്ഞു.
സെക്യുരിറ്റി ബാരിക്കേഡുകള്‍ ഇടിച്ചു തകര്‍ത്ത കാര്‍ കാല്‍നടയാത്രക്കാരെയും പരിക്കേല്‍പ്പിച്ചിട്ടുണ്ട്. അമിതവേഗത്തിലാണ് കാറോടിച്ചിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ വ്യക്തമാണ്. ട്രാഫിക് ലംഘനമായി ഇതിനെ നിസാരവത്ക്കരിക്കാനാവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്‍കൂറായി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണോ അപകടമെന്ന് പരിശോധിച്ചു വരുന്നതായി പോലീസ് വ്യക്തമാക്കി.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സൈക്കിള്‍ യാത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞ് കയറിയ ശേഷമാണ് ഈ കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്തത് എന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. അമിത വേഗതയിലെടുത്ത കാര്‍ മനഃപൂര്‍വ്വം ഇടിച്ചു കയറ്റുന്നത് പോലെ തോന്നിയെന്നാണ് മറ്റൊരു ദൃക്സാക്ഷി വെളിപ്പെടുത്തിയത്. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി വെസ്റ്റ് മിനിസ്റ്റര്‍ സബ് വേ സ്റ്റേഷന് അടച്ചിട്ടു. പാര്‍ലമെന്റ് ചത്വരവും അടച്ചിട്ടുണ്ട്. പാര്‍ലമെന്റിന് പുറത്തുള്ള വഴികളും മില്ലിബാങ്കും, വിക്ടോറിയ ടവര്‍ ഗാര്‍ഡനും സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല