സ്വന്തം ലേഖകന്‍: സംസ്ഥാനത്ത് അസാധാരണ സാഹചര്യം; കനത്ത മഴയെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; നെടുമ്പാശേരി വിമാനത്താവളം അടച്ചു; എല്ലാ സേനാ വിഭാഗങ്ങളോടും സജ്ജരാകാന്‍ നിര്‍ദേശം. ജലനിരപ്പ് 140 അടിയായതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്. ബുധനാഴ്ച പുലര്‍ച്ചെ 2.30ന് ഡാമിലെ ജലനിരപ്പ് 140 അടിയായതിനു പിന്നാലെയാണ് സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി ഡാം തമിഴ്നാട് തുറന്നുവിട്ടത്. സ്പില്‍വേയിലെ 13 ഷട്ടറുകളും ഒരടി വീതം തുറന്നു. 15 ന് പുലര്‍ച്ചെ 1.30 നുള്ള കണക്കുകള്‍ പ്രകാരം ജലനിരപ്പ് 139.70 അടിയായിരുന്നു. ജലം തുറന്നുവിട്ടിട്ടും പുലര്‍ച്ചെ മൂന്നു മണിക്കുള്ള കണക്കുകള്‍ പ്രകാരം ഡാമിലെ ജലനിരപ്പ് 140.10 അടിയായി. പുലര്‍ച്ചെ 3.30 ന് ഇത് 140.15 അടിയായും പുലര്‍ച്ചെ നാലിന് 140.25 അടിയായും ഉയര്‍ന്നു.
സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടിട്ടും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മണിക്കൂറുകളായി തുടരുന്ന മഴയിലെ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ ഇടയാക്കിയത്. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിനു മുന്നോടിയായി രാത്രിയേറെ വൈകി തമിഴ്നാട് രണ്ടാമത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. സെക്കന്റില്‍ 4489 ഘനയടി വെള്ളമാണ് ഡാമില്‍ നിന്നു പുറന്തള്ളുന്നത്.
അണക്കെട്ടില്‍ നിന്നുള്ള വെള്ളം വണ്ടിപ്പെരിയാര്‍ ചപ്പാത്തുവഴി ഇടുക്കി അണക്കെട്ടിലേക്ക് എത്തും. ഇതിനിടെ മുല്ലപ്പെരിയാറിന്റെ തീരത്തുനിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്ന നടപടി പൂര്‍ത്തിയായെന്ന് കലക്ടര്‍ അറിയിച്ചതായി മന്ത്രി എം.എം.മണി അറിയിച്ചു. നാലായിരത്തോളം പേരെയാണ് ക്യാംപുകളിലേക്കു മാറ്റുന്നത്. ചപ്പാത്തില്‍ നിന്ന് ശാന്തിപ്പാലം വഴി ചെങ്കരയിലേക്കുള്ള ഗതാഗതം നിരോധിച്ചു. അതേസമയം സ്ഥിതി വിലയിരുത്താന്‍ മുല്ലപ്പെരിയാര്‍ സമിതി ബുധനാഴ്ച ഡാമിലെത്തും.
അതേസമയം, കനത്ത മഴ തുടരുന്നതിനാല്‍ പമ്പയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ശബരിഗിരി പദ്ധതിയില്‍ നിന്നുള്ള കൂടുതല്‍ ഷട്ടറുകള്‍ തുറന്ന് വെള്ളമൊഴുക്കി തുടങ്ങിയതോടെ ശബരിമല പമ്പയില്‍ ജലനിരപ്പ് ഉയര്‍ന്നു. ശക്തമായ വെള്ളപ്പാച്ചിലില്‍ പമ്പാ ത്രിവേണിയിലെ നടപ്പന്തല്‍ ഒഴുകിപ്പോയി.
കുത്തിയൊഴുകുന്ന പമ്പാ നദിയിലൂടെ മറുകര കടക്കാന്‍ അസാധ്യമായിരിക്കുകയാണ്. ഇതിനാല്‍ ശബരിമല സന്നിധാനത്തേക്കുള്ള യാത്ര പൂര്‍ണമായി തടഞ്ഞു. പമ്പയിലെ കെട്ടിടങ്ങളിലും കടകളിലും പൂര്‍ണമായി വെള്ളം കയറി. വന്‍ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. എല്ലായിടങ്ങളിലും ചെളി കയറിക്കിടക്കുകയാണ്. കെട്ടിടങ്ങളുടെ വാതിലുകളടക്കം നഷ്ടപ്പെട്ടു. ട്രാന്‍സ്ഫോര്‍മറുകളും പൈപ്പ് ലൈനുകളും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. അതേസമയം, ഇടുക്കിക്കും ഇടമലയാറിനും പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ടു കൂടി തുറന്നതോടെ നെടുമ്പാശേരിയില്‍ വിമാന സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് രണ്ടു വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.
പുലര്‍ച്ചെ നാല് മുതല്‍ ഏഴുവരെ ആഗമന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാനായിരുന്നു സിയാലിന്റെ ആദ്യ തീരുമാനം. എന്നാല്‍, വീണ്ടും അധികൃതര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയും അതിനു ശേഷം രണ്ടു വരെ വിമാന സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്താന്‍ തീരുമാനിക്കുകയുമായിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടു കൂടി തുറന്ന സാഹചര്യത്തില്‍ പെരിയാറ്റില്‍ വെള്ളം ക്രമാതീതമായി ഉയരാന്‍ സാധ്യതയുണ്ടെന്നുള്ളതും വിമാനത്താവളത്തിലും പരിസരപ്രദേശങ്ങളും വെള്ളം കയറിത്തുടങ്ങിയതും പരിഗണിച്ചാണിതെന്നാണ് വിവരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല