സ്വന്തം ലേഖകന്‍: മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നില ഗുരുതരം; പ്രധാനമന്ത്രി മോദി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. എയിംസ് ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാജ് പേയിയെ കണ്ടത്. വാജ്‌പേയിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യനില മോശമാണെന്നും വൈദ്യസഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
93 കാരനായ വാജ്‌പേയി വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. 2009 ല്‍ സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഓര്‍മ്മശക്തി നഷ്ടപ്പെട്ട അദ്ദേഹത്തിന് പിന്നീട് ഡിമെന്‍ഷ്യ ബാധിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചത്. രാത്രി 7.15നാണ് പ്രധാനമന്ത്രി മോദി ആശുപത്രിയിലെത്തിയത്. ഏതാണ്ട് 50 മിനിറ്റോളം സമയം അദ്ദേഹം ഇവിടെ ചെലവിട്ടു.
ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, രാധാ മോഹന്‍ സിങ്, പിയുഷ് ഗോയല്‍, സ്മൃതി ഇറാനി, ഡോ.ഹര്‍ഷവര്‍ധന്‍, സുരേഷ് പ്രഭു, ബിജെപി എംപി മീനാക്ഷി ലേഖി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയവരും വാജ്‌പേയിയെ സന്ദര്‍ശിച്ചു.
ജൂണ്‍ 11നാണ് വാജ്‌പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം, മൂത്രതടസ്സം, വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയെ തുടര്‍ന്നാണു വാജ്‌പേയിയെ ആശുപത്രിയിലാക്കിയത്. കുറച്ചുകാലമായി അദ്ദേഹത്തിന്റെ ഒരു വൃക്ക മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല