സ്വന്തം ലേഖകന്‍: വെള്ളപ്പൊക്കം; നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടു; വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു; എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്കുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി. മുല്ലപ്പെരിയാറും ഇടുക്കി–ചെറുതോണി അണക്കെട്ടും തുറന്നതിനാല്‍ ഓപ്പറേഷന്‍സ് ഏരിയയിലടക്കം വെള്ളം കയറിയിരുന്നു. വിമാനത്താവളത്തിന്റെ ഒരു മതിലും തകര്‍ന്നു വീണു.
വെള്ളം ഒഴുകിപോകാന്‍ ഒരുവശത്തെ മതിലും പൊളിച്ചു. സാഹചര്യം നിയന്ത്രണാതീതമായതോടെയാണ് വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്. ഇതോടെ കൊച്ചിയിലേക്ക് ടിക്കറ്റെടുത്തവരും കൊച്ചിയില്‍ നിന്ന് യാത്ര തിരിക്കാനിരുന്നവരും ബുദ്ധിമുട്ടിലായി.
കൊച്ചിയിലേക്ക് പോകേണ്ട വിവിധ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കോഴിക്കോട്, തിരുവനന്തപുരം, ബെംഗളുരു തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് വിമാനങ്ങളുടെ മാറ്റം. മിക്ക രാജ്യാന്തര വിമാനങ്ങളും ഗള്‍ഫ് മേഖലയിലേക്കുള്ളതാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേക്കുള്ള രണ്ട് വിമാനങ്ങള്‍ റദ്ദ് ചെയ്യുകയും ചെയ്തു.
കൊച്ചിയില്‍ നിന്നും പുറപ്പെടേണ്ട ഹജ്ജ് തീര്‍ഥാടകരുടെ വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയെന്നും ഇവിടെ നിന്നാകും യാത്ര ആരംഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ സൗകര്യത്തിനായി കെഎസ്ആര്‍ടിസി തിരുവനന്തപുരം, നെടുമ്പാശേരി എയര്‍പോര്‍ട്ടുകള്‍ ബന്ധപ്പെടുത്തി സ്‌പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിച്ചു.
IX417/450 വിമാനം തിരുവനന്തപുരം–അബുദാബി–തിരുവനന്തപുരം എന്നിങ്ങനെ മാറ്റി നിശ്ചയിച്ചുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചി വിമാനത്താവളത്തില്‍ ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. നമ്പര്‍; 0484–2610040, 2610050. കൊച്ചി–മസ്‌കറ്റ് വിമാനവും കൊച്ചി–ദുബായ് കൊച്ചി വിമാനവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി.
കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ ടിക്കറ്റുകള്‍ റദ്ദാക്കുന്നതിനോ തിയതി മാറ്റുന്നതിനോ പിഴ ഈടാക്കില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല