സ്വന്തം ലേഖകന്‍: യുഎസ് മാധ്യമങ്ങള്‍ക്കെതിരായ ട്രംപിന്റെ ശീതയുദ്ധം; യു.എസ് പ്രസിഡന്റിനെതിരെ ഒറ്റക്കെട്ടായി മാധ്യമങ്ങള്‍. 350 ലധികം മാധ്യമസ്ഥാപനങ്ങളാണ് വ്യാഴാഴ്ച ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം യു.എസ് പ്രസിഡന്റിനെ ഓര്‍മപ്പിച്ച് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്.
ബോസ്റ്റണ്‍ ഗ്ലോബ് പത്രത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. ബ്രിട്ടീഷ് പത്രമായ ദ ഗാര്‍ഡിയനും ദൗത്യത്തില്‍ പങ്കാളികളായി. ‘മാധ്യമങ്ങളെ ആക്രമിക്കുന്ന, അവരെ മോശമായി സമീപിക്കുന്ന, ആദ്യത്തെ യു.എസ് പ്രസിഡന്റല്ല ഡോണള്‍ഡ് ട്രംപ്. എന്നാല്‍, മാധ്യമങ്ങളുടെ ജോലിയെ നിരന്തരം അട്ടിമറിക്കുന്ന, അപകടത്തിലാക്കുന്ന നയം സ്ഥിരമാക്കിയ ആദ്യത്തെ പ്രസിഡന്റ് ട്രംപായിരിക്കും,’ ഗാര്‍ഡിയന്‍ എഡിറ്റോറിയലില്‍ എഴുതി.
ന്യൂയോര്‍ക് ടൈംസ്, ഷികാഗോ സണ്‍ടൈംസ്, ഫിലഡെല്‍ഫിയ ഇന്‍ക്വയറര്‍, മിയാമി ഹെറാള്‍ഡ് എന്നീ പത്രങ്ങളും എഡിറ്റോറിയലുകള്‍ പ്രസിദ്ധീകരിച്ചു. മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളാണ് പുറത്തുവിടുന്നതെന്നും മാധ്യമപ്രവര്‍ത്തകര്‍ ജനശത്രുക്കളാണെന്നും ആവര്‍ത്തിക്കുന്നത് ട്രംപ് അവസാനിപ്പിക്കണമെന്ന് എഡിറ്റോറിയലുകള്‍ ആവശ്യപ്പെടുന്നു.
പ്രമുഖ പത്രങ്ങളിലും ഓണ്‍ലൈന്‍ എഡിഷനുകളിലും മുഖപ്രസംഗങ്ങളും ലേഖനങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് പ്രമുഖ പത്രം ബോസ്റ്റണ്‍ ഗ്ലോബ് മുഖപ്രസംഗത്തില്‍ ആവശ്യപ്പെട്ടു. മാധ്യമപ്രവര്‍ത്തകരാണ് യഥാര്‍ഥ രാജ്യസ്‌നേഹികളെന്ന് സെന്റ് ലൂയിസില്‍നിന്ന് ഇറങ്ങുന്ന പോസ്റ്റ് ഡെസ്പാച്ച് എഴുതി. ട്രംപ് വിവരക്കേടാണു പറയുന്നതെന്ന് ഷിക്കാഗോ സണ്‍ ടൈംസ് പറഞ്ഞു. വിഷയത്തില്‍ മാധ്യമസ്ഥാപനങ്ങളെല്ലാം ഒറ്റക്കെട്ടാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഴുതി.
അതേസമയം, പ്രമുഖ പത്രം വാള്‍സ്ട്രീറ്റ് ജേണല്‍ പ്രതിഷേധത്തില്‍ പങ്കുചേരില്ലെന്നു വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ ജനശത്രുവായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജയിംസ് ഫ്രീമാന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. എന്നാല്‍, ട്രംപിനും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. റേഡിയോ ടെലിവിഷന്‍ ഡിജിറ്റല്‍ അസോസിയേഷനും തങ്ങളുടെ 1200 അംഗങ്ങളോട് ട്രംപിനെതിരേ രംഗത്തുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല