സ്വന്തം ലേഖകന്‍: ഇന്ത്യയിലെ വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കാറില്ലെന്ന് ഡി.ജി.സി.എ. ഡല്‍ഹി ഹൈക്കോടതിയില്‍. കമ്പനികള്‍ അമിതവും നിയമവിരുദ്ധവും വിവേചനപരവുമായ യാത്രാനിരക്കുകള്‍ ഈടാക്കാറില്ലെന്ന് ഡി.ജി.സി.എ. (വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍) ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. വിപണിസമ്മര്‍ദങ്ങളാണ് ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നത്. ടിക്കറ്റ് നിരക്കുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ വ്യോമയാന നിയമപ്രകാരം അധികാരമില്ലെന്നും ഡി.ജി.സി.എ. അറിയിച്ചു.
രാജ്യത്തെ വിമാനക്കമ്പനികളുടെ ടിക്കറ്റുകള്‍ക്ക് പരമാവധി നിരക്ക് നിശ്ചയിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ നല്‍കിയ മറുപടിയിലാണ് ഡി.ജി.സി.എ. ഇക്കാര്യം അറിയിച്ചത്. ഉപഭോക്തൃ അവകാശ പ്രവര്‍ത്തകന്‍ ബിജോണ്‍ കെ. മിശ്രയാണ് ഹര്‍ജി നല്‍കിയത്. വിമാനക്കമ്പനികള്‍ ഏകപക്ഷീയമായി നിരക്ക് നിശ്ചയിക്കുമ്പോള്‍ ഡി.ജി.സി.എ. നിശ്ശബ്ദകാഴ്ചക്കാരായി നില്‍ക്കുകയാണെന്ന് ഹര്‍ജിയില്‍ ആരോപിച്ചു. എന്നാല്‍ ആവശ്യമേറുമ്പോഴാണ് നിരക്ക് വര്‍ധിക്കുന്നതെന്ന് ഡി.ജി.സി.എ. പറഞ്ഞു.
ഡൈനാമിക് പ്രൈസിങ് രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. വിമാനക്കമ്പനികള്‍ നിശ്ചയിക്കുന്ന ടിക്കറ്റ് നിരക്ക് നിയമവിരുദ്ധമല്ല. അതില്‍ വിവേചനമില്ലെന്നും ഡി.ജി.സി.എ. വ്യക്തമാക്കി. സത്യവാങ്മൂലം ഫയലില്‍സ്വീകരിച്ച കോടതി കേസ് ഒക്ടോബര്‍ ഒമ്പതിലേക്ക് മാറ്റി. വിമാനക്കമ്പനികള്‍ പലപ്പോഴും അടിസ്ഥാന നിരക്കിന്റെ പത്ത് മടങ്ങുവരെ ഈടാക്കുന്നതായി ഹര്‍ജിയില്‍ ആരോപിച്ചു. ഇന്‍ഡിഗോയുടെ എ320 നിയോ വിമാനങ്ങള്‍ എന്‍ജിന്‍ തകരാര്‍ കാരണം നിലത്തിറക്കിയ സംഭവങ്ങളെത്തുടര്‍ന്നുണ്ടായ നിരക്ക് വര്‍ധനയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല