സ്വന്തം ലേഖകന്‍: രാജ്യത്ത് എല്ലായിടത്തും പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ സൈന്യം അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കൊപ്പം തന്നെയായിരുന്നുവെന്ന് മുഖ്യമന്ത്രി; രക്ഷാപ്രവര്‍ത്തനം കൈകോര്‍ത്ത് നടത്തണം. നാട് അറിയുന്നവര്‍ക്കേ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് കഴിയൂ. അതിനൊപ്പം സൈന്യത്തിന്റെ വൈദഗ്ധ്യം കൂടി ഉപയോഗപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് എല്ലായിടത്തും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഭരണസംവിധാനവും സൈന്യവും യോജിച്ചാണ് നടത്തുന്നത്. ഇതുപോലുള്ള അവസരങ്ങളില്‍ ജില്ലാ തലത്തിലെ സിവില്‍ ഭരണസംവിധാനത്തെ സഹായിക്കുകയാണ് സൈന്യത്തിന്റെ കര്‍ത്തവ്യം. നാടിനെ പരിചയമുള്ളവരുടൊപ്പം സൈന്യത്തിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരിടത്തും സൈന്യം മാത്രമായി പ്രവര്‍ത്തിച്ചിട്ടില്ല. അത് സാധ്യവുമല്ല. സംസ്ഥാന സര്‍ക്കാറിന് പുറമെ വിവിധ കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെയേ ഇവ നടക്കൂ.
ജോയിന്റ് ഓപ്പറേഷന് കണ്ട്രോള് റൂമാണ് സംസ്ഥാനത്തും എല്ലാം നിയന്ത്രിച്ചത്. ഇത് തന്നെയാണ് രാജ്യത്ത് എല്ലായിടത്തും സംഭവിച്ചത്. അസം, ചെന്നൈ, കശ്മീര്‍ പ്രളയങ്ങള്‍, ഗുജറാത്ത്, മഹാരാഷ്ട്ര ഭൂകമ്പങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലൊന്നും ഘട്ടങ്ങളിലൊന്നും സൈന്യത്തെ മാത്രമായി ഏല്‍പ്പിച്ചിട്ടില്ല. സവിശേഷമായ കാശ്മീരിലെ സാഹചര്യങ്ങളില്‍ പോലും സംസ്ഥാന സര്‍ക്കാറുമായി സൈന്യം യോജിച്ചാണ് പ്രവര്‍ത്തിച്ചത്.
കേരളത്തിലും ആദ്യഘട്ടം മുതല്‍ കേന്ദ്രവുമായി യോജിച്ചാണ് സംസ്ഥാനം പ്രവര്‍ത്തിച്ചത്. ഒരു കുറവും ഇല്ലാതെ കേന്ദ്ര സേനകള്‍ പ്രവര്‍ത്തിച്ചു. ഓഖി ദുരന്തത്തിലും ഇങ്ങനെ തന്നെയായിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാറിനെയും വിവിധ കേന്ദ്രസേനകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തനം കുറ്റമറ്റതാക്കാനുള്ള ഇടപെടല്‍ നടത്തി. ഓഗസ്റ്റ് എട്ടിന് ആദ്യ ദുരന്തമുണ്ടായപ്പോള്‍ തന്നെ മന്ത്രിസഭായോഗം കെടുതിയെ സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു.
ഒന്‍പതിന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ തുടങ്ങി. ജില്ലാ തലത്തിലും സെല്ലുകള്‍ തുടങ്ങി. പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിന്യസിച്ചു. വലിയ ദുരന്തം നേരിടേണ്ടി വരുമെന്ന് തിരിച്ചറിഞ്ഞ് അത് പരിഹരിക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ക്കും രൂപം നല്കി. ഈ ഘട്ടം മുതല്‍ കേന്ദ്രസേനയുടെ നല്ലവിധത്തിലുള്ള സഹായം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല