സ്വന്തം ലേഖകന്‍: പ്രളയക്കെടുതി; ആറു ലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍; ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് അതിതീവ്ര രക്ഷാപ്രവര്‍ത്തനം. രക്ഷാപ്രവര്‍ത്തനത്തിന് 23 ഹെലികോപ്ടറുകളെ കൂടുതലായി വിന്യസിച്ചു. മഴക്കെടുതി രൂക്ഷമായ ഇടങ്ങളിലും മറ്റുമായി സംസ്ഥാനത്ത് ശനിയാഴ്ച മാത്രം 33 പേര്‍ മരിച്ചു. 3446 ദുരിതാശ്വാസ ക്യാംപുകളിലായി ആറര ലക്ഷം പേരാണുള്ളത്. സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുകയായിരുന്ന 58,506 പേരെ ശനിയാഴ്ച രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം, വെള്ളപ്പൊക്ക ദുരിതം ബാധിച്ച ചെങ്ങന്നൂരില്‍ വിവിധയിടങ്ങളിലായി അമ്പത് പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് എംഎല്‍എ സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു. രാവിലെ കൂടുതല്‍ ബോട്ടുകള്‍ എത്തിച്ചു കൊണ്ട് യുദ്ധകാല അടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിവിധയിടങ്ങളില്‍ നിരവധി ആളുകളാണ് കുടുങ്ങി കിടക്കുന്നതെന്നും സജി ചെറിയാന്‍ വിശദീകരിക്കുന്നു. ഇതോടെ ഏറ്റവും ദുരന്തമുണ്ടായ സ്ഥലമായി ചെങ്ങന്നൂര്‍ മാറുമെന്നാണ് സൂചന.
ആയിരക്കണക്കിന് ആളുകളാണ് ചെങ്ങന്നൂരില്‍ മാത്രം കുടുങ്ങി കിടക്കുന്നത്. ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്തനായി നാല് ഹെലികോപ്ടറുകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. 15 സൈനിക ബോട്ടുകളും 65 മത്സ്യബന്ധന ബോട്ടുകളും ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കരസേനയുടെ നൂറ് അംഗങ്ങളടങ്ങിയ നാല് ടീമുകളും ചെങ്ങന്നൂരില്‍ എത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടു പോയവര്‍ക്ക് ഹെലികോപ്റ്ററില്‍ ഭക്ഷണം എത്തിക്കാനും സൈന്യം ശ്രമിക്കുകയാണ്. പന്തളവും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.
ഭക്ഷണം കിട്ടാതെ നിരവധിപ്പേര്‍ കുടുങ്ങി കിടക്കുകയാണെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. ബ്രഡ്, ബണ്‍, ഏത്തപ്പഴം, ബിസ്‌കറ്റുകള്‍, കുടിവെള്ളം എന്നിവയാണ് ക്യംപുകളില്‍ വേണ്ടത്. സംസ്ഥാനത്ത് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. രക്ഷാപ്രവര്‍ത്തനം വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും കനത്ത മഴയും പ്രതികൂല കാലാവസ്ഥയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നതെന്നും എന്‍ഡിആര്‍എഫ് അറിയിച്ചു.
അതേസമയം, വെള്ളപ്പൊക്ക ദുരിതം രൂക്ഷമായതിനെ തുടര്‍ന്ന് വേമ്പനാട്ട് കായലില്‍ വെറുതെ കിടക്കുന്ന എല്ലാ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനായി പിടിച്ചെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍ദേശിച്ചു. ബോട്ട് ഓടിക്കാന്‍ തയാറാകാത്ത ബോട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തിനു പിന്നാലെ വേമ്പനാട്ട് കായലില്‍ വെറുതെ കിടക്കുന്ന ബോട്ടുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കാന്‍ തുടങ്ങി.
നെന്‍മാറ, നെല്ലിയാമ്പതി, തൃത്താല, അട്ടപ്പാടി മേഖലകളും ദുരിതത്തിലാണ്. നെല്ലിയാമ്പതിയില്‍ ഉരുള്‍പൊട്ടല്‍ മൂലം റോഡ് ഇടിഞ്ഞതിനാല്‍ മൂവായിരത്തോളം പേര്‍ വിവിധ ഗ്രാമങ്ങളില്‍ ഒറ്റപ്പെട്ടിരിക്കുന്നു. ഇവിടേയ്ക്ക് മരുന്നും ഭക്ഷ്യവസ്തുക്കളും എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. റോഡിലുണ്ടായ തടസങ്ങള്‍ നീക്കുന്നതിനായി വനം വകുപ്പ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ശ്രമം തുടരുന്നു. സി.ആര്‍.പി.എഫും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
ഈ റോഡിലൂടെ നെല്ലിയാമ്പതിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഹെലികോപ്ടര്‍ മുഖേന നെല്ലിയാമ്പതിയില്‍ ജീവന്‍ രക്ഷാമരുന്നുകളും ഭക്ഷണവും എത്തിക്കാനുളള ശ്രമം നടത്തുകയാണ്. അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമായി ചുരുക്കി. നേരത്തേ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്.
ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 166 പേര്‍ മരിച്ചു. 38 പേരെ കാണാതായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി സംഘങ്ങള്‍ എത്തുന്നുണ്ട്. കേരളത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ പ്രളയബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തി.
ആലുവയില്‍ ജലനിരപ്പ് താഴ്ന്നു. കോട്ടയം– എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പലയിടത്തും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പത്തനംതിട്ട റാന്നി മേഖലയില്‍ ജനങ്ങളെ ഒഴിപ്പിച്ചു. പന്തളത്ത് വെള്ളം ഒഴിയുന്നില്ല. ചെങ്ങന്നൂരിലും ചാലക്കുടിയിലും വിവിധ സേനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നു. അണക്കെട്ടുകളില്‍ സ്ഥിതി നിയന്ത്രണവിധേയം. പെരിയാറിലെ ജലനിരപ്പ് താഴ്ന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല