സ്വന്തം ലേഖകന്‍: ലണ്ടന്‍ ട്യൂബ് സ്റ്റേഷന് പുറത്ത് വെടിവെപ്പ്; മൂന്ന് പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി പത്തോടെയാണ് ഇവിടെ വെടിവെയ്പുണ്ടായത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അവരുടെ മൂവരുടെയും അവസ്ഥ ഗുരുതരമല്ലെന്നാണ് വിവരം. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ലണ്ടനിലെ കിങ്സ്ബെറി ട്യൂബ് സ്റ്റേഷന് പുറത്താണ് വെടിവയ്പ്പ് നടന്നത്. ഉടന്‍ തന്നെ മെട്രോപൊളിറ്റന്‍ പോലീസും ലണ്ടന്‍ ആംബുലന്‍സ് സര്‍വ്വീസും സംഭവസ്ഥലത്തെത്തി പരിക്കേറ്റ മൂന്ന് പേരെയും പാരാമെഡിക്കല്‍ ടീമിന്റെ സഹായത്തോടേ ആശുപത്രിയിലെത്തിച്ചു.
ഭീകരാക്രമണമല്ലെന്നാണ് പോലീസ് നിഗമനം. റോഡുകളെല്ലാം അടച്ച് പോലീസ് പോലീസ് അന്വേഷണം ആരംഭിച്ചു. ജൂബിലി ലൈന്‍ പ്രവര്‍ത്തിക്കുന്ന കിങ്സ്ബെറി ട്യൂബ് സ്റ്റേഷനും രാത്രി താത്കാലികമായി അടച്ചിരുന്നു. തീവ്രവാദി ആക്രമണമാണെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ലണ്ടനില്‍ തിങ്കളാഴ്ച മാത്രം നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്. വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ കില്ബേര്ണിലും സമാനമായ രീതിയില്‍ സ്ഫോടനം നടന്നിരുന്നു. കഴിഞ്ഞയാഴ്ച്ച പാര്‍ലമെന്റ് മന്ദിരത്തിലെ സുരക്ഷാ ബാരിക്കേഡുകളില്‍ കാര്‍ ഇടിച്ച് കയറ്റി നടത്തിയ ആക്രമണത്തിന് പിന്നാലെ ലണ്ടന്‍ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല