ഔദ്യോഗിക പക്ഷക്കാരനായ ഗോപി കോട്ടമുറിയ്ക്കലിനെ പെരുമാറ്റദൂഷ്യ ആരോപണത്തില്‍ വീഴ്ത്താന്‍ എതിര്‍ചേരി ഒളിക്യാമറ ആയുധമാക്കിയെന്ന് റിപ്പോര്‍ട്ട്. സ്വഭാവദൂഷ്യ ആരോപണത്തെത്തുടര്‍ന്ന് പാര്‍ട്ടി ഗോപിയെ എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കിയിട്ടുണ്ട്. ഈ നടപടി പാര്‍ട്ടിയിലെ വിഭാഗീയത രൂക്ഷമാക്കിയിരിക്കുകയാണ്.
ആരോപണം ഉയര്‍ന്നപ്പോള്‍ത്തന്നെ പാര്‍ട്ടി നേതൃത്വം ഇക്കാര്യത്തില്‍ തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നു. പെന്‍ഡ്രൈവിലാക്കിയാണ് ആരോപണം ഉന്നയിച്ചവര്‍ ഗോപിയ്‌ക്കെതിരെ തെളിവ് നല്‍കിയത്. ഒളിക്യാമറയില്‍ ഷൂട്ട് ചെയ്ത രംഗങ്ങളാണ് പെന്‍ഡ്രൈവിലാക്കി നല്‍കിയതെന്നാണ് സൂചന. ഗോപിയുടെ നീക്കങ്ങള്‍ പകര്‍ത്താന്‍ പാര്‍ട്ടി ഓഫീസിലാണ് ഒളിക്യാമറ വച്ചതെന്നാണ് സൂചന.
ഒളിക്യാമറപ്രശ്‌നം പാര്‍ട്ടിയില്‍ പുകഞ്ഞുതുടങ്ങിയിട്ടുണ്ട്. ഗോപിയ്‌ക്കെതിരെ ഒളിക്യാമറ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ലെന്ന് മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സ് കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞിട്ടുണ്ട്.
ഒരു അഭിഭാഷകയുമായി ബന്ധപ്പെട്ടാണ് ഗോപി കോട്ടമുറിയ്ക്കലിനെതിരെ ആരോപണമുയര്‍ന്നത്. അഭിഭാഷകയ്ക്ക് അനര്‍ഹമായ സഹായം ചെയ്യുന്നുവെന്നും അവിഹിതബന്ധം പുലര്‍ത്തുന്നുവെന്നുമുള്ള രീതിയിലായിരുന്നു ആരോപണങ്ങള്‍.
ഇവര്‍ക്ക് ഗോപി ചെയ്തുകൊടുത്ത വഴിവിട്ട സഹായങ്ങള്‍ക്കുള്ള തെളിവും വിഎസ് പക്ഷം ജില്ലാ സെക്രട്ടേറിയറ്റിന് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് അടുത്തകാലത്ത് പിണറായി പക്ഷത്തേക്ക് ചുവടുമാറിയ ഗോപി കോട്ടമുറിയ്ക്കലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു പുറത്താക്കാന്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനമെടുക്കേണ്ടിവന്നത്.
നേരത്തെ വി.എസ്. വിഭാഗത്തിന്റെ ശക്തനായ വക്താവായിരുന്ന ഗോപി കോട്ടമുറിയ്ക്കല്‍ കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തോടെയാണ് പിണറായി വിഭാഗക്കാരനായത്. അടുത്ത കാലത്ത് സ്ത്രീ വിഷയങ്ങളില്‍ ആരോപണ വിധേയനായി നടപടി നേരിടുന്ന രണ്ടാമത്തെ സിപിഎം ജില്ലാ സെക്രട്ടറിയാണ് ഗോപി കോട്ടമുറിയ്ക്കല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല