സ്വന്തം ലേഖകന്‍: പാക് കരസേനാമേധാവിയെ കെട്ടിപ്പിടിച്ച സംഭവത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നവ്‌ജ്യോത്സിങ് സിദ്ദു. കരസേനാമേധാവിയെ ആലിംഗനം ചെയ്തത് വൈകാരിക പ്രകടനമായി കണ്ടാല്‍ മതിയെന്നാണ് സിദ്ദു പറയുന്നത്. അദ്ദേഹം സമാധാനത്തെക്കുറിച്ചാണ് സംസാരിച്ചത്. ഇന്ത്യയിലെ ദേര ബാബ നാനാക്കില്‍ നിന്ന് ചരിത്രപ്രധാനമായ ഗുരുദ്വാര കര്‍താര്‍പുര്‍ സാഹിബിലേക്ക് ഒരു ഇടനാഴി തുറക്കാനുള്ള ശ്രമത്തിലാണെന്ന് പാക് കരസേന മേധാവി പറഞ്ഞപ്പോള്‍ ആ വൈകാരിക നിമിഷത്തിലാണ് ആലിംഗനം ചെയ്തതെന്നും സിദ്ദു പറഞ്ഞു
പാക് പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്രമോദി 2015 ല്‍ പാകിസ്താനിലെത്തി ആലിംഗനം ചെയ്തപ്പോള്‍ ആരും ചോദ്യം ചെയ്തിരുന്നില്ലെന്ന് സിദ്ദു ചൂണ്ടിക്കാട്ടി. മാത്രമല്ല മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും പാകിസ്താനിലേക്ക് ബസ് യാത്ര നടത്തിയിരുന്നുവെന്നും സിദ്ദു ചൂണ്ടിക്കാട്ടി.
ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായെത്തിയ സമയത്താണ് സംഭവം ഇന്ത്യയില്‍ വിവാദമായത്. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഏക ഇന്ത്യക്കാരനും സിദ്ദുവായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാക് അധിനിവേശ കശ്മീരിന്റെ പ്രസിഡന്റ് മസൂദ് ഖാന് സമീപമിരുന്നതും വിവാദമായിരുന്നു. എന്നാല്‍ അവസാനനിമിഷമാണ് തനിക്ക് അധികൃതര്‍ സീറ്റ് നിശ്ചയിച്ച് തന്നതെന്നും അവര്‍ നിര്‍ദ്ദേശിച്ചിടത്ത് ഇരിക്കുകമാത്രമാണ് ചെയ്തതെന്നും സിദ്ദു വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല