സ്വന്തം ലേഖകന്‍: രാഷ്ട്രീയക്കാര്‍ക്ക് മുന്നില്‍ നട്ടെല്ല് വളക്കില്ല; യുഎസും ട്രംപും അറ്റോര്‍ണി ജനറലും നേര്‍ക്കുനേര്‍. രാഷ്ട്രീയ നേതൃത്വത്തിന് മുന്നില്‍ നീതിന്യായ വകുപ്പ് നട്ടെല്ല് വളക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മറുപടിയായി യു.എസ് അറ്റോണി ജനറല്‍ ജെഫ് സെഷന്‍സ് പറഞ്ഞു. നേരത്തെ യു.എസ് ജസ്റ്റിസ് വകുപ്പിന് മേല്‍ മേധാവി ജെഫ് സെഷന്‍സിന് നിയന്ത്രണമില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഈ ആരോപണത്തിനാണ് സെഷന്‍സിന്റെ മറുപടി.
അധികാരമേറ്റെടുത്ത ദിവസം മുതല്‍ വകുപ്പിന് മേല്‍ തനിക്ക് നിയന്ത്രണമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന് വകുപ്പിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ അവസരം നല്‍കില്ല. ഉയര്‍ന്ന നിലവാരം താന്‍ എല്ലാകാലത്തും ആഗ്രഹിക്കുന്നുണ്ട്. വകുപ്പില്‍ നിന്ന് അതുണ്ടായില്ലെങ്കില്‍ കടുത്ത നടപടി ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016ലെ യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണമാണ് ട്രംപിനെ അറ്റോണി ജനറലിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. വകുപ്പിലെ ഉദ്യോഗസ്ഥനായ റോബര്‍ട്ട് മുള്ളറാണ് ഇപ്പോള്‍ കേസില്‍ അന്വേഷണം നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ട്രംപിനോട് സത്യവാങ്മൂലം നല്കാന് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം അതിന് തയാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല