സ്വന്തം ലേഖകന്‍: യുഎസ് സെനറ്ററും വിയറ്റ്‌നാം യുദ്ധ നായകനുമായ ജോണ്‍ മക്‌കെയിന്‍ ഓര്‍മയായി. 81 വയസായിരുന്നു. 2008 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം തലച്ചോറില്‍ ഗുരുതരമായ ട്യൂമര്‍ ബാധിച്ചതായി കണ്ടെത്തിയിരുന്നു.
കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണമെന്ന് ബി.ബി.സി റിപ്പോര്‍ട്ടു ചെയ്തു. ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച മുതല്‍ ചികിത്സ അവസാനിപ്പിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ജൂലായില്‍ ഇടതു കണ്ണിനു മുകളില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് തലച്ചോറിനെ ബാധിച്ച ട്യൂമര്‍ ഡോക്ടര്‍മാര്‍ കണ്ടെത്തുന്നത്.
എട്ടു തവണ സെനറ്ററായിരുന്നു മക്‌കെയിന്‍. 2008 തിരഞ്ഞെുപ്പില്‍ ബരാക് ഒബാമക്കെതിരെ സ്ഥാനാര്‍ത്ഥിയായതോടെയാണ് മക്‌കെയിന്‍ വീണ്ടും ആഗോള ശ്രദ്ധ നേടുന്നത്. നിലവില്‍ സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റി ചെയര്‍മാനായിരുന്നു.
വിയറ്റ്‌നാം യുദ്ധകാലത്ത് ഫൈറ്റര്‍ പൈലറ്റായിരുന്നു അദ്ദേഹം. വിമാനം വെടിവെച്ചിട്ടതോടെ മക്‌കെയിന്‍ അഞ്ചുവര്‍ഷം യുദ്ധത്തടവുകാരനായിരുന്നു. അക്കാലത്ത് അനുഭവിച്ച പീഡനങ്ങളേത്തുടര്‍ന്ന് കടുത്ത ശാരീരിക അവശതകള്‍ അദ്ദേഹം അനുഭവിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല