സ്വന്തം ലേഖകന്‍: ‘നാം രണ്ട്, നമുക്ക് രണ്ട്’ നയം ഉപേക്ഷിക്കാന്‍ ചൈന; ദമ്പതിമാര്‍ക്ക് രണ്ടില്‍ കൂടുതല്‍ കുട്ടികളാകാമെന്ന നിയമം വരുന്നു. രണ്ടു കുട്ടികള്‍ മാത്രം മതിയെന്ന നയം അവസാനിപ്പിച്ച് പുതിയ കരട് നിയമത്തിന് രൂപം നല്‍കിയതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷിന്‍ഹുവ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു കുട്ടികളിലേറെയുള്ള ദമ്പതികളില്‍നിന്ന് പിഴ ഈടാക്കുന്നതാണ് നിലവിലെ രീതി.
ജനസംഖ്യ നിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് ചൈനയില്‍ ജനനനിരക്ക് കുറക്കാനായി 1979 മുതല്‍ ഒറ്റക്കുട്ടി നയം ആവിഷ്‌കരിച്ചത്. 2016 വരെ ഒറ്റക്കുട്ടി നയമാണ് ചൈന പിന്തുടര്‍ന്നത്. അതിനു തയാറാകാത്തവരെ നിര്‍ബന്ധിച്ച് വന്ധ്യംകരണവും ഗര്‍ഭച്ഛിദ്രവും നടത്തി. രാജ്യത്ത് യുവാക്കളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞ്, വൃദ്ധരുടെ എണ്ണം പെരുകിയത് മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെ രണ്ടു കുട്ടികള്‍ ആകാമെന്ന് സമ്മതിച്ചു. യുവാക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് സാമ്പത്തികരംഗത്തും പ്രതികൂലമായി ബാധിച്ചു.
മൂന്നു കുഞ്ഞുങ്ങളടങ്ങുന്ന പന്നികുടുംബത്തിന്റെ ചിത്രമുള്‍ക്കൊള്ളിച്ച് സ്റ്റാമ്പ് പുറത്തിറക്കിയതു മുതല്‍ രാജ്യത്ത് കുട്ടികളുടെ എണ്ണത്തിലെ നിയന്ത്രണം എടുത്തുകളയുന്നു എന്ന് അഭ്യൂഹം പരന്നിരുന്നു. ചൈന പോസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സ്റ്റാമ്പ് പുറത്തുവിട്ടത്. 2016ല്‍ രണ്ട് കുട്ടി നയം നിലവില്‍ വരുന്നതിന് മുന്‍പ് പുറത്തിറക്കിയ സ്റ്റാമ്പില്‍ രണ്ടു കുട്ടികളുമായി സന്തോഷത്തോടെയിരിക്കുന്ന കുരങ്ങു കുടുംബത്തിന്റെ ചിത്രമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല