സ്വന്തം ലേഖകന്‍: കൈക്കൂലി ആരോപണത്തില്‍ കുടുങ്ങി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു. ടെല്‍ അവീവ് മജിസ്ട്രേറ്റ് കോടതിയില്‍ പ്രധാനമന്ത്രി കൂടി ഉള്‍പ്പെടുന്ന കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് സാറയ്ക്കെതിരെയും പോലീസ് കൈക്കൂലി ആരോപണം ഉന്നയിച്ചിരിക്കുന്നത്. സാറയുടെ അഭിഭാഷകര്‍ ഇവര്‍ക്കെതിരെയുള്ള ആരോപണം കോടതിയില്‍ നിഷേധിച്ചു. സാറ കോഴക്കേസില്‍ പങ്കാളിയല്ലെന്ന് കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
ഇതുള്‍പ്പെടെ നിരവധി കൈക്കൂലി കേസുകളില്‍ നെതന്യാഹു പ്രതിപ്പട്ടികയിലുണ്ട്. അതിനിടെയാണ് ഇപ്പോള്‍ സാറയ്ക്കെതിരെയും ആരോപണം ഉയര്‍ന്നത്. വാര്‍ത്താവിനിമയ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് രാജ്യത്തെ പ്രമുഖ ടെലിക്കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ബെസക്കിനെ വഴിവിട്ടു സഹായിച്ചുവെന്നതാണ് നെതന്യാഹുവിനെതിരെയുള്ള കേസ്.
ബെസക്കിന്റെ ഉടമ ഷോല് എലോവിച്ച് നെതന്യാഹുവിന്റെ അടുത്ത സുഹൃത്താണ്. എലോവിച്ചിന്റെ വാര്‍ത്താചാനലായ വലാ ന്യൂസ് തിരഞ്ഞെടുപ്പ് കാലത്ത് നെതന്യാഹുവിനും പത്നിക്കും വേണ്ടി വാര്‍ത്ത നല്‍കിയതായും ആരോപണമുണ്ട്.
നെതന്യാഹുവിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഫെബ്രുവരിയില്‍ പോലീസ് കോടതിയെ അറിയിച്ചിരുന്നു. കൈക്കൂലി, വിശ്വാസ വഞ്ചന തുടങ്ങിയവയാണ് നെതന്യാഹുവിനെതിരെയുള്ള പ്രധാന ആരോപണങ്ങള്‍. പ്രധാനമന്ത്രിക്കെതിരെയുള്ള കേസുകളില്‍ അന്വേഷണം തുടരണോ പിന്‍വലിക്കണോ എന്നു തീരുമാനിക്കുന്നത് അറ്റോര്‍ണി ജനറല്‍ അവിച്ചായ് മണ്ടേല്ബ്ലിറ്റിന്റെ അധികാരപരിധിയില്‍ വരുന്ന കാര്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല