സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ ദേശീയ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഴു വര്‍ഷത്തെ ജയില്‍ ശിക്ഷ. അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതിലൂടെ വാ ലോണ്‍ (32), ക്യോ സോവോ (28) എന്നിവര്‍ ഒഫിഷ്യല്‍ സീക്രട്ട് നിയമം ലംഘിച്ചതായി യാങ്കൂണ്‍ കോടതി നിരീക്ഷിച്ചു.
മ്യാന്‍മാറിലെ റാഖിനില്‍ പട്ടാളവും പോലീസും ചേര്‍ന്ന് പത്ത് റോഹിംഗ്യന്‍ വംശജരെ വധിച്ചതിനേയും സുരക്ഷാസേന റോഹിംഗ്യന്‍ വംശജര്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളേയും പറ്റി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ 2017 ഡിസംബര്‍ 12നാണ് വാ ലോണും ക്യോ സോവോയും അറസ്റ്റ് ചെയ്യപ്പെടുന്നത്. ആരോപണങ്ങള്‍ മ്യാന്‍മാര്‍ സര്‍ക്കാര്‍ തള്ളിക്കളയുകയാണുണ്ടായത്.
ഒഫിഷ്യല്‍ സീക്രട്ട് നിയമത്തിലെ സെക്ഷന്‍ 3.1.സി കേസിലകപ്പെട്ട ജേര്‍ണലിസ്റ്റുകള്‍ ലംഘിച്ചതിനാല്‍ ഏഴ് വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിക്കുന്നതായി കോടതി വിധിയില്‍ പറയുന്നു. ഡിസംബര്‍ മുതലുള്ള കാലയളവ് ശിക്ഷാകാലാവധിയില്‍ പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയും യൂറോപ്യന്‍ യൂണിയനുമുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ തനിക്ക് ഭയമില്ലെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നീതിയിലും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നതായും വിധി വന്ന ശേഷം വാ ലോണ്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല