സ്വന്തം ലേഖകന്‍: ജപ്പാനില്‍ നാശം വിതച്ച് ജെബി കൊടുങ്കാറ്റും പേമാരിയും; 10 ലേറെ പേര് മരിച്ചു; കാറ്റിന്റെ താണ്ഡവം ഒടുങ്ങും മുമ്പ് ഭൂകമ്പവും. ജപ്പാനില്‍ കാല് നൂറ്റാണ്ടിനിടയില്‍ ഉണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റിലും പേമാരിയിലും വന്‍നാശമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ജെബി’ കൊടുങ്കാറ്റില്‍ 11 പേര് മരിക്കുകയും 470 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
അഞ്ചു ലക്ഷത്തിലേറെ വീടുകളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ക്യോട്ടോ റെയില്‍വേ സ്റ്റേഷന്റെയും അനേകം കെട്ടിടങ്ങളുടെയും വീടുകളുടെയും മേല്‍ക്കൂരകള്‍ നശിച്ചു. 216 കിലോമീറ്റര്‍ വേഗത്തില്‍ വീശിടയിച്ച കാറ്റ് ട്രക്കുകള്‍ മറിച്ചിട്ടു. കന്‍സായി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പാതയിലെ പാലത്തില്‍ 2500 ടണ്ണിന്റെ ടാങ്കര്‍ മറിച്ചിട്ടതിനെ തുടര്‍ന്ന് 3000 വിമാന യാത്രക്കാരും ജീവനക്കാരും എയര്‍പോര്‍ട്ടില്‍ കുടുങ്ങിയെങ്കിലും മിക്കവരെയും രക്ഷപ്പെടുത്തി. പ്രതിദിനം 400 സര്‍വീസുകളാണ് ഇവിടെ നിന്നുള്ളത്.
വടക്കന്‍ ജപ്പാനിലെ ഹൊക്കായിഡോ ദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 19 പേരെ കാണാതായതായി റിപ്പോര്‍ട്ട്. ഒരാള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ദ്വീപിലേക്കുള്ള വൈദ്യുത ബന്ധവും പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു. 120 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ട്രെയിന്‍ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല