സ്വന്തം ലേഖകന്‍: യുഎസില്‍ സിന്‍സിനാറ്റി നഗരത്തിലെ ബാങ്കില്‍ വെടിവെപ്പ്; കൊല്ലപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ ആന്ധ്രാ സ്വദേശി. കഴിഞ്ഞദിവസം നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ട മൂന്നു പേരില്‍ ആന്ധാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശി പൃഥിരാജ് കാന്‍ഡെപിയും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു.
മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടി ആരംഭിച്ചതായി തെലുങ്ക് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ബാങ്കില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു പൃഥിരാജ്. ഒഹായോയില്‍നിന്നുള്ള ഒമര്‍ എന്റിക് സാന്റാ പെരെസ് എന്ന അക്രമിയാണു ബാങ്കില്‍ വെടിവയ്പു നടത്തിയതെന്ന് പോലീസ് പറഞ്ഞു. അക്രമി പോലീസിന്റെ വെടിയേറ്റു മരിച്ചു.
റിച്ചാര്‍ഡ് ന്യൂകമര്‍ (64), ലൂയിസ് ഫിലിപ്പ് കാള്‍ഡറോണ്‍ (48) എന്നിവരാണ് മരിച്ച മറ്റ് രണ്ടു പേര്‍. അമേരിക്കന്‍ നഗരമായ സിന്‍സിനാറ്റിയിലെ ഫിഫ്ത് തേര്‍ഡ് ബാങ്ക് കെട്ടിടത്തിലാണ് സംഭവം. കെട്ടിടത്തിന്റെ ഇടനാഴിയില്‍ ഉണ്ടായിരുന്ന അഞ്ചു പേര്‍ക്ക് നേരെ നിരവധി തവണ അക്രമി വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല