സ്വന്തം ലേഖകന്‍: നേപ്പാളിനായി നാലു തുറമുഖങ്ങള്‍ തുറന്നു കൊടുക്കാന്‍ ചൈന; തീരുമാനം ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് തിരിച്ചടി. ചരക്ക് കൈമാറ്റത്തിനായാണ് തങ്ങളുടെ നാല് തുറമുഖങ്ങള്‍ ചൈന നേപ്പാളിന് തുറന്നു കൊടുന്നത്. ഇതോടെ ഹിമാലയന്‍ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട നേപ്പാളിലെ ചരക്കുഗതാഗതത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുണ്ടായിരുന്ന കുത്തകയ്ക്ക് അവസാനമായി.
ഇന്ധനങ്ങള്‍ ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിനും ഇന്ത്യന്‍ തുറമുഖങ്ങളെയായിരുന്നു നേപ്പാള്‍ പൂര്‍ണമായും ആശ്രയിച്ചിരുന്നത്. 201516 കാലത്ത് ഇന്ത്യയുമായുള്ള ഗതാഗതത്തില്‍ തടസ്സം നേരിട്ടപ്പോള്‍ നേപ്പാളില്‍ പലപ്പോഴും ഇന്ധന ക്ഷാമവും മരുന്ന് ക്ഷാമവും നേരിട്ടിരുന്നു.
വെള്ളിയാഴ്ച കാഠ്മണ്ഡുവില്‍ നേപ്പാള്ചൈനീസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്. ഇത് പ്രകാരം ചൈനീസ് തുറമുഖങ്ങളായ ടിയാന്‍ജിന്‍, ഷെന്‍സന്‍, ലിയാന്യുന്ഗാങ്, സഞ്ഞിയാങ് എന്നീ തുറമുഖങ്ങള്‍ വഴി നേപ്പാളിന് ഇറക്കുമതിയും കയറ്റുമതിയും നടത്താം. ഇതോടൊപ്പം കപ്പല്‍ചരക്കുകളുടെ വിതരണത്തിന് സഹായിക്കുന്ന സംഭരണ കേന്ദ്രങ്ങളായ ലാന്‍സു, ലാസ, സികറ്റ്സേ എന്നിവയും ഉപയോഗിക്കാനുള്ള അനുമതിയും ചൈന നേപ്പാളിന് നല്‍കിയിട്ടുണ്ട്.
ഇന്ത്യയുടെ രണ്ട് തുറമുഖങ്ങള്‍ക്ക് പുറമെ ചൈനയുടെ തുറമുഖങ്ങളിലേക്കും പ്രവേശനം ലഭിച്ചത് നേപ്പാളിന്റെ ചരിത്രത്തിലെ നാഴികകല്ലാണെന്ന് നേപ്പാള്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥന് രബി ശങ്കര്‍ സിഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് നടപ്പാകുന്നതോടെ നേപ്പാളിലേക്കുള്ള ജപ്പാന്, ദക്ഷിണ കൊറിയ തുടങ്ങിയ ഉത്തര ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് ഗതാഗതം ചൈനീസ് തുറമുഖങ്ങളിലൂടെയാകുമെന്നും ഇത് സമയവും പണവും ലാഭിക്കാന്‍ രാജ്യത്തെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല