സ്വന്തം ലേഖകന്‍: ഫിലാഡല്‍ഫിയയിലെ പ്രാണി മ്യൂസിയത്തില്‍ വന്‍ കൊള്ള; കള്ളന്മാര്‍ അടിച്ചുമാറ്റിയത് ഏഴായിരത്തോളം തേളുകളേയും പാറ്റകളേയും ചിലന്തികളേയും. കഴിഞ്ഞ ഓഗസ്റ്റിലാണ് മ്യൂസിയത്തില്‍ നിന്ന് ഏഴായിരത്തോളം പ്രാണികളെയും ചിലന്തികളെയും പല്ലികളെയുമൊക്കെ കാണാതായത്. മ്യൂസിയത്തിലെ ആകെ ശേഖരത്തിലെ 80 ശതമാനവും മോഷണം പോയ അവസ്ഥ. മ്യൂസിയത്തിലെ ജീവനക്കാരാണ് പ്രദര്‍ശനത്തിന് വച്ചിരുന്ന പലതിനെയും കാണാനില്ലെന്ന കാര്യം ആദ്യം ശ്രദ്ധിച്ചത്.
ജീവികളെ സൂക്ഷിച്ചിരുന്ന സ്റ്റോര്‍ റൂമിലെ ഷെല്‍ഫുകളും ശൂന്യമാണെന്ന് കണ്ടെത്തിയതോടെ മ്യൂസിയത്തിന്റെ ഉടമസ്ഥന്‍ ജോണ്‍ കേംബ്രിഡ്ജ് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. മ്യൂസിയത്തിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞത് ജീവനക്കാരുടെ യൂണിഫോമിലുള്ള ചിലര്‍ പല സമയങ്ങളിലായി ജീവികളെ പെട്ടികളിലാക്കി പുറത്തേക്ക് പോവുന്നതാണ്. മഞ്ഞക്കാലന്‍ ടരാന്റുല വിഭാഗത്തില്‍ പെട്ട ചിലന്തിയാണ് മോഷണം പോയവയില്‍ പ്രധാനപ്പെട്ടത്.
വിവിധ പഠനക്ലാസ്സുകളുടെ ഭാഗമായും മറ്റും എക്‌സിബിഷന്‍ നടത്താന്‍ വേണ്ടി ജീവികളെ ഇങ്ങനെ പുറത്തേക്ക് കൊണ്ടുപോകുക പതിവാണ്. എന്നാല്‍, ഏഴായിരത്തോളം എണ്ണത്തിനെ എന്തിന് കൊണ്ടുപോയെന്ന് അറിയില്ലെന്നാണ് മ്യൂസിയം അധികൃതര്‍ പറഞ്ഞത്. മൃഗശാലകളും മ്യൂസിയങ്ങളും ഗവേഷണകേന്ദ്രങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം മോഷണങ്ങളുടെ പിന്നിലുള്ളത് വന്‍ മാഫിയയാണെന്നാണ് പോലീസ് പറയുന്നത്. ഇത്തരം ജീവികളെ വളര്‍ത്താനും അവയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന വിഷത്തിനും ധാരാളം ആവശ്യക്കാരുണ്ട്.
മഞ്ഞക്കാലന്‍ ടരാന്റുലയ്ക്ക് 350 ഡോളറിലും അധികമാണ് വിപണിയില്‍ വില. ഭീമന്‍ പാറ്റകള്‍ക്ക് ജോഡിയൊന്നിന് 500 ഡോളറോളം വില വരും. ഫിലാഡല്‍ഫിയയില്‍ നിന്ന് മോഷണം പോയ ജീവികളുടെ ആകെ വില 30,000 മുതല്‍ 50,000 ഡോളര്‍ വരെയാണെന്നും പോലീസ് പറഞ്ഞു. കടത്തിക്കൊണ്ടു പോകാനും കൈമാറ്റം നടത്തുന്നതിനുമുള്ള സൗകര്യം, വര്‍ധിച്ചുവരുന്ന ആവശ്യം എന്നിവയാണ് ഇത്തരം മോഷണങ്ങളുടെ പ്രധാന ആകര്‍ഷണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല