സ്വന്തം ലേഖകന്‍: വിയറ്റ്നാം തലസ്ഥാനത്ത് ഇനി പട്ടിയിറച്ചി കഴിക്കുന്നവര്‍ പാടുപെടും; ജനങ്ങളോട് പട്ടിയിറച്ചി ഒഴിവാക്കണമെന്ന് അധികൃതര്‍. പട്ടിയിറച്ചി പേവിഷബാധയ്ക്ക് കാരണമാവുമെന്നും നഗരത്തിന്റെ പേരിനും പ്രശസ്തിക്കും കോട്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വിയറ്റ്നാം തലസ്ഥാന നഗരമായ ഹനോയിലെ ജനങ്ങളോട് അധികൃതര്‍ അഭ്യര്‍ഥന നടത്തുന്നത്. ഒപ്പം, പൂച്ചയേയും ഇറച്ചിയാക്കരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്.
സാംസ്കാരികത്തനിമയുള്ള ആധുനിക നഗരമെന്ന ഖ്യാതിയാണ് പട്ടിയിറച്ചി ഭക്ഷണമാക്കുന്നതിലൂടെ നഗരത്തിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് ഹനോയ് പീപ്പിള്‍സ് കമ്മിറ്റി പറയുന്നു. അതിക്രൂരമായാണ് മൃഗങ്ങളെ കൊല്ലുന്നത്. ഹനോയില്മാത്രം പട്ടിയുടെയും പൂച്ചയുടെയും മാംസം വില്‍ക്കുന്ന ആയിരത്തിലധികം കടകളുണ്ട്. പട്ടിയിറച്ചിയുടെ അത്ര ആവശ്യക്കാരില്ലെങ്കിലും പൂച്ചയിറച്ചിയും ഇവിടെ വില്ക്കപ്പെടുന്നുണ്ട്.
ഹനോയ് നഗരത്തില്‍ മാത്രം നായ്ക്കളുടെയും പൂച്ചകളുടെയും എണ്ണം 4,90,000 വരും. ഇതില്‍ അധികവും വീടുകളില്‍ വളര്‍ത്തുന്നവയാണ്. പട്ടിമാംസം ഉപേക്ഷിക്കാനുള്ള ആഹ്വാനം ഹനോയില്‍ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍, കാലങ്ങളായി തുടരുന്ന ഒരു ശീലം മാറ്റിയെടുക്കുക അത്ര എളുപ്പമല്ലെന്നും ഒരുകൂട്ടര്‍ വാദിക്കുന്നു. പൂര്‍ണമായും നിരോധിക്കുന്നത് ശരിയല്ലെന്നും പട്ടിയിറച്ചിക്ക് കനത്ത നികുതി ഏര്‍പ്പെടുത്തിയും പ്രത്യേക സ്ഥലങ്ങളില്‍മാത്രമേ വില്‍ക്കാവൂ എന്ന നിബന്ധനവെച്ചും ഉപയോഗം കുറയ്ക്കാമെന്നും മറ്റൊരു വാദവും ശക്തമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല