സ്വന്തം ലേഖകന്‍: ആദ്യമായി ഇരട്ട സിം ഐഫോണ്‍, 512 ജിബി സ്റ്റോറേജ്; ഇസിജി എടുക്കാന്‍ കഴിയുന്ന വാച്ച്; പുതിയ അവതാരങ്ങളുമായി ആപ്പിള്‍. കലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററിലായിരുന്നു അവതരണം. ഐഒഎസ് ഉപകരണങ്ങളുടെ കയറ്റുമതി 200 കോടിയില്‍ എത്തിയതായി കമ്പനി സിഇഒ ടിം കുക്ക് അറിയിച്ചു.
‘ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ’ ഉള്ള ഐഫോണ്‍ ടെന്‍ ആര്‍ ആപ്പിള്‍ അവതരിപ്പിച്ചു. ‘വിലക്കുറവ്’ ഉള്ള ഐഫോണ്‍ മോഹിക്കുന്നവര്‍ക്കായാണിതെന്നു കമ്പനി പറയുന്നു. ഐഫോണ്‍ ടെന്‍ എസിലും ടെന്‍ എക്‌സ് മാക്‌സിലും ഉള്ള എ12 ബയോണിക് ചിപ്‌സെറ്റ് തന്നെയാണ് ടെന്‍ ആറിനും കരുത്ത് പകരുന്നത്. ഫോണ്‍ ഡിസ്‌പ്ലേ വലുപ്പം 6.1 ഇഞ്ച്. ഐഫോണ്‍ 8 പ്ലസിനേക്കാള്‍ ഒന്നര മണിക്കൂര്‍ അധികം ബാറ്ററി കപ്പാസിറ്റിയുണ്ട്.
ഐഫോണ്‍ ടെന്‍ എസ്, ടെന്‍ എസ് മാക്‌സ് ഫോണുകള്‍ 64 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജില്‍ ലഭിക്കും. 999 ഡോളറാണ് ഐഫോണ്‍ ടെന്‍ എസിന്റെ പ്രാരംഭവില. 1099 ഡോളര്‍ മുതലാണ് ടെന്‍ എസ് മാക്‌സിന്റെ വില തുടങ്ങുന്നത്. സ്‌പേസ് ഗ്രേ, സില്‍വര്‍, ഗോള്‍ഡ് ഫിനിഷ് നിറങ്ങളിലാണ് ഈ ഫോണുകള്‍. ടെന്‍ ആറിന് 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ശേഷിയാണുള്ളത്. 749 ഡോളറിലാണ് വില തുടങ്ങുന്നത്. പുതിയ ഐഫോണുകള്‍ ഈ മാസം 28 മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും.
ചൈനയിലെ മാര്‍ക്കറ്റു കൂടി ലക്ഷ്യമിട്ട്, ആപ്പിള്‍ ആദ്യമായി ഡ്യുവല്‍ സിം അവതരിപ്പിച്ചു. സാധാരണ സിം സ്‌ലോട്ട് കൂടാതെ ഇ–സിം കാര്‍ഡ് കൂടി പുതിയ ഐഫോണുകളില്‍ ഉപയോഗിക്കാം. ഇന്ത്യയില്‍ റിലയന്‍സ് ജിയോ, എയര്‍ടെല്‍ എന്നിവയാണ് ആപ്പിളിന് ഇ–സിം സൗകര്യമൊരുക്കുന്നത്. ടെന്‍ എസിന് 5.8 ഇഞ്ച് ആണ് വലുപ്പം.
ടെന്‍ എസ് മാക്‌സ് മോഡലിന്റെ വലുപ്പം 6.5 ഇഞ്ച്. പുതിയ ഫോണുകളില്‍ 7 എന്‍എം എ12 ബയോണിക് ചിപ്പാണ് ഉപയോഗിക്കുന്നത്. രണ്ടു മോഡല്‍ ഫോണുകളിലെയും പരമാവധി സ്റ്റോറേജ് കപ്പാസിറ്റി 512 ജിബി. ഐഒഎസ് 12 അപ്‌ഡേറ്റുള്ള ഐഫോണുകളില്‍ സിരി ഷോര്‍ട്ട്കട്ടും ലഭ്യമാണ്. ഉന്നത ഓഗ്!മെന്റഡ് റിയാലിറ്റി (എആര്‍), മികച്ച ഗെയിമിങ് അനുഭവം, നിലവാരമേറിയ ക്യാമറ തുടങ്ങിയവയും കമ്പനി ഉറപ്പു നല്‍കുന്നു.
ആപ്പിള്‍ വാച്ച് സീരീസ് 4 ആണ് ടിം കുക്ക് പരിചയപ്പെടുത്തിയവയില്‍ ശ്രദ്ദേയമായ മറ്റൊരു ഉല്‍പ്പന്നം. ഹൃദയമിടിപ്പ്, ശ്വാസോച്ഛ്വാസം തുടങ്ങിയവ രേഖപ്പെടുത്തുന്ന ഹെല്‍ത്ത് ആപ്‌സ്, ഓഹരി വിപണി അപ്‌ഡേഷന്‍ തുടങ്ങിയ സൗകര്യങ്ങളുമായാണ് വാച്ചിന്റെ വരവ്. 18 മണിക്കൂറാണു ബാറ്ററി ലൈഫ്. 44 മില്ലിമീറ്റര്‍ ആണ് വലുപ്പം. ജിപിഎസ് വാച്ചിന് 399 ഡോളറും സെല്ലുലാര്‍ മോഡലിന് 499 ഡോളറുമാണു യുഎസില്‍ വില. ഈമാസം 14 മുതല്‍ പ്രീഓര്‍ഡര്‍ നല്‍കാം. ഇതോടൊപ്പം വില കുറച്ച വാച്ച്3 മോഡല്‍ 279 ഡോളറിനു ലഭ്യമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല