സ്വന്തം ലേഖകന്‍: യുഎസിലെ നോര്‍ത്ത് കരോലിനയില്‍ ആഞ്ഞുവീശി ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ്; ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ വെള്ളപ്പൊക്ക ഭീഷണിയും. ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിന്റെ ഭാഗമായി യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ മഴയും കാറ്റും ശക്തമായതിനെ തുടര്‍ന്ന് നദികള്‍ കരവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തെയും വൈദ്യുതി വിതരണം മുടങ്ങി.
ആഞ്ഞടിക്കുമെന്നു കരുതിയിരുന്ന ചുഴലിക്കാറ്റ് വീര്യം കുറഞ്ഞ് കാറ്റഗറി രണ്ടിലേക്ക് താഴ്ന്നത് അധികൃതര്‍ക്ക് ആശ്വാസം പകര്‍ന്നിരുന്നെങ്കിലും ഇപ്പോഴും അപകടകരമായ നിലയില്‍തന്നെയാണ് ചുഴലിക്കാറ്റിന്റെ നിലയെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് നോര്‍ത്ത് കാരലൈനയില്‍ പതിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നോര്‍ത്ത് കാരലൈനയിലെ 12,000ത്തോളം പേരെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇതെന്ന് നോര്‍ത്ത് കാരലൈന ഡിപ്പാര്‍ട്‌മെന്റ് ഓഫ് എമര്‍ജെന്‍സി മാനേജ്‌മെന്റ് ഉദ്യോഗസ്ഥന്‍ കെയ്ത് അക്രി അറിയിച്ചു.
ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടാകുന്ന രണ്ടോ മൂന്നോ ദിവസത്തെ മഴയിലൂടെ നോര്‍ത്ത് കാരലൈനയില്‍ കുറഞ്ഞത് എട്ടുമാസം ലഭിക്കേണ്ട മഴയാണ് ലഭിക്കുകയെന്ന് നാഷനല്‍ വെതര്‍ സര്‍വീസ് അറിയിച്ചു. മേഖലയില്‍ 88,000ത്തോളം പേര്‍ക്ക് വൈദ്യുതിയുണ്ടാകില്ല. ഇതു പുനഃസ്ഥാപിക്കാന്‍ ആഴ്ചകള്‍ എടുക്കുത്തേക്കും. നദീതീരത്തുള്ള റോഡുകളും മറ്റും ഇപ്പോള്‍ തന്നെ പ്രളയത്തില്‍ മുങ്ങിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല