സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്സിറ്റ് ചെക്കേര്‍സ് പ്ലാന്‍ തള്ളിയ ഇയുവിനെതിരെ ആഞ്ഞടിച്ച് ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക്ക് റാബ്; ഇരു പക്ഷവും നോ ഡീല്‍ ബ്രെക്സിറ്റിനോട് കൂടുതല്‍ അടുക്കുന്നു. വ്യാപാരക്കരാര്‍ ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന് ഡിവോര്‍സ് ബില്‍ വകയില്‍ കൊടുക്കാമെന്ന് യുകെ വാഗ്ദാനം ചെയ്തിരിക്കുന്ന 39 ബില്യണ്‍ പൗണ്ട് കൊടുക്കില്ലെന്നാണ് ബ്രകിസിറ്റ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയത്.
തെരേസ മെയ് നല്‍കിയിരുന്ന ബ്രെക്സിറ്റ് പ്ലാന്‍ അംഗീകരിക്കില്ലെന്ന് യൂറോപ്യന്‍ ചീഫ് നെഗോഷ്യേറ്റര്‍ മൈക്കല്‍ ബാര്‍ണിയര്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു ബ്രെക്സിറ്റ് സെക്രട്ടറി. ഈ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുള്ള തുടര്‍ ചര്‍ച്ചകള്‍ കൂടുതല്‍ നിര്‍ണായകമാകും. ബാര്‍ണിയറുമായി വരും ദിവസങ്ങളില്‍ റാബ് നടത്തുന്ന ചര്‍ച്ചയില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്നാണ് സൂചന.
തെരേസാ മേയുടെ ചെക്കേര്‍സ് പ്ലാന്‍ സ്വീകരിക്കാന്‍ റാബ് ബാര്‍ണിയറിന് മേല്‍ കടുത്ത സമ്മര്‍ദം ചെലുത്തുമെന്നും സൂചനയുണ്ട്. യുകെക്ക് ഗുണകരമാകുന്ന ബ്രെക്സിറ്റ് കരാര്‍ വ്യവ്സ്ഥകള്‍ നേടാനായില്ലെങ്കില്‍ ഡൈവേഴ്സ് ബില്‍ വകയില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന തുക യൂണിയന് നല്‍കില്ലെന്ന മുന്നറിയിപ്പ് റാബ് ഈ ചര്‍ച്ചക്കിടെ ബാര്‍ണിയറെ ബോധ്യപ്പെടുത്തും.
തെരേസയുടെ ചെക്കേര്‍സ് പ്ലാന്‍ അംഗീകരിച്ചാല്‍ ഫ്രീഡം ഓഫ് മൂവ്മെന്റിന് വഴങ്ങാതെ ബ്രിട്ടന് യൂണിയന്റെ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരാനാവുമെന്നും അതിനോട് യോജിക്കാനാവില്ലെന്നുമാണ് യൂണിയന് നേരത്തെ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇനി കൂടുതല്‍ വിട്ട് വീഴ്ച ചെയ്യാന്‍ ബ്രിട്ടന് സാധിക്കില്ലെന്ന് ഒരു പത്രത്തിന് നല്കിയ അഭിമുഖത്തില്‍ റാബ് തറപ്പിച്ച് പറഞ്ഞിരുന്നു. യുകെയ്ക്കും യൂറോപ്യന്‍ യൂണിയനും ഗുണകരമാകുന്ന ഒരു കരാറാണ് തങ്ങള്‍ക്ക് വേണ്ടതെന്നും റാബ് വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല