ഷൈമോന്‍ തോട്ടുങ്കല്‍ (ന്യൂകാസില്‍): യുക്മയുടെ ഈ വര്‍ഷത്തെ ദേശീയ കലാമേളയോടനുബന്ധിച്ചുള്ള റീജിയണ്‍ കലാമേളകള്‍ക്ക് നോര്‍ത്ത് ഈസ്റ് & സ്കോട്ട്ലന്‍ഡ് കലാമേളയോടെ തുടക്കം കുറിക്കും. ഈ ഞായറാഴ്ച ന്യൂകാസില്‍ ഫെനം ഇംഗ്ലീഷ് മാര്‍ട്ടയേര്‍സ് ഹാളില്‍ നടക്കുന്ന കലാമേള മലയാളി അസോസിയേഷന് ഓഫ് നോര്‍ത്ത് ഈസ്റ്റ് (മാന്‍) ആതിഥേയത്വം വഹിക്കും. യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഡോ. ദീപാ ജേക്കബ് കലാമേള ഉദ്ഘാടനം ചെയ്യും. മാന്‍ പ്രസിഡന്റ് ഷെല്ലി ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും. മറ്റ് അസോസിയേഷന് ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിക്കും.
റീജിയന് നിലവില്‍ വന്നതിന് ശേഷം ആദ്യമായാണ് എല്ലാ അസോസിയേഷനുകളെയും പങ്കെടുപ്പിച്ച് കൊണ്ട് കലാമേള സംഘടിപ്പിക്കുന്നത്. നോര്‍ത്ത് ഈസ്റ്റില്‍ യുക്മയിലെ അംഗ അസോസിയേഷനുകളില്‍ നിന്നുള്ള കലാകാരന്മാര് കലാമേളയില്‍ പങ്കെടുക്കും. ഉച്ചക്ക് പതിനൊന്നരക്ക് ആരംഭിക്കുന്ന കലാമേള വൈകുന്നേരം വരെ നീണ്ടു നില്ക്കും. കലാമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമായിരിക്കും. കലാമേളയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി യുക്മ പ്രതിനിധി ജിജോ മാധവപ്പള്ളില്‍, വൈസ് പ്രസിഡന്റ് ജിബി ജോസ്, ട്രഷറര്‍ എല്‍ദോ പോള്‍ എന്നിവര്‍ അറിയിച്ചു.കലാമേള വിജയിപ്പിക്കുവാന്‍ എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഷെല്ലി ഫിലിപ്പ് 07429982338
ജിജോ മാധവപ്പള്ളില്‍ 07872 304168?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല