സ്വന്തം ലേഖകന്‍: യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച് ഫ്ളോറന്‍സ്; മരണം നാലായി; കാറ്റിന്റെ ശക്തി കുറയുന്നു. കിഴക്കന്‍ തീരത്തെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. കനത്ത മഴ അടുത്ത 48 മണിക്കൂര്‍ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 4,000 നാഷണല്‍ഗാര്‍ഡുകള്‍ രംഗത്തുണ്ട്. ഇതിനു പുറമേ നാല്പതിനായിരം വൈദ്യുതി ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
മണിക്കൂറില്‍ 80 മുതല്‍ 120 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. പലയിടങ്ങളിലും 25 സെന്റിമീറ്ററിലധികം മഴ ലഭിച്ചു. ഏഴ് ലക്ഷത്തോളം വീടുകളില്‍ വൈദ്യുതിയില്ല. 12 വിമാനത്താവളങ്ങള്‍ അടയ്ക്കുകയും 2,100 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. കാറ്റിന്റെ ശക്തി താരതമ്യേന കുറഞ്ഞെങ്കിലും ഭീഷണി ഒഴിവായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
നോര്‍ത്ത് കരോളൈനയിലെ വില്‍മിംഗ്ടണിനു സമീപം റൈറ്റ്സ്വില്‍ ബീച്ചിലാണ് ചുഴലി ആദ്യം കരയില്‍ ആഞ്ഞടിച്ചത്. കടല്‍ജലം ഇരച്ചുകയറി തെരുവുകള്‍ വെള്ളത്തിലായി. പതിനേഴു ലക്ഷം പേര്‍ക്ക് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ന്യൂബേണ്‍ നഗരത്തില്‍ വീടുമാറാത്ത 200ല്‍ അധികം പേരെ പ്രളയജലത്തില്‍ നിന്ന് രക്ഷപ്പെടുത്തേണ്ടിവന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല