സ്വന്തം ലേഖകന്‍: ചെലവു ചുരുക്കാന്‍ പാക് സര്‍ക്കാര്‍; സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആഡംബര വാഹനങ്ങള്‍ ലേലം ചെയ്യുന്നു. ബുള്ളറ്റ് പ്രൂഫ് കാറുകള്‍ അടക്കം 34 വാഹനങ്ങളാണ് തിങ്കളാഴ്ച്ച ലേലം ചെയ്തത്. പണം കണ്ടെത്തുന്നതിനായി ഇത്തരത്തില്‍ 102 ആഡംബര വാഹനങ്ങള്‍ ലേലത്തിന് വയ്ക്കാനാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തീരുമാനം. സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ പദ്ധതികളുടെ ഭാഗമായാണ് ആഡംബര വാഹനങ്ങള്‍ ഒഴിവാക്കുന്നത്.
വിവിധ ഘട്ടങ്ങളിലായി 102 വാഹനങ്ങള്‍ ഒഴിവാക്കുന്നതിന് പുറമേ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് മന്ത്രിമന്ദിരത്തില്‍ വളര്‍ത്തിയിരുന്ന എട്ട് കൂറ്റന്‍ കാളകളെയും ലേലത്തില്‍ വില്‍ക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതിനൊക്കെ പുറമേ നിലവില്‍ ഉപയോഗിക്കാത്ത നാല് ഹെലികോപ്ടറുകളും ലേലത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
രണ്ടാം ഘട്ടത്തില്‍ 41 വിദേശ നിര്‍മ്മിത കാറുകളാവും ലേലത്തില്‍ വയ്ക്കുക. മെഴ്‌സിഡീസ് ബെന്‍സ് കാറുകള്‍, എട്ട് ബുള്ളറ്റ്പ്രൂഫ് ബിഎംഡബ്ല്യൂ കാറുകള്‍, അഞ്ച് എസ്.യു.വികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. വാഹനങ്ങളെല്ലാം ഉയര്‍ന്ന തുകയ്ക്ക് മാത്രമേ കൈമാറൂ എന്നാണ് അധികൃതരുടെ നിലപാട്.
സര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായി വെട്ടിക്കുറക്കുമെന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഉടന്‍ തന്നെ ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചിരുന്നതാണ്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ അദ്ദേഹം ഒഴിവാക്കുമെന്ന പ്രഖ്യാപനവും വന്നിരുന്നു. 30 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് പാക് സര്‍ക്കാരിന് മേലുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാകിസ്താന്റെ കടബാധ്യതയില്‍ 13.5 ലക്ഷം കോടി രൂപയുടെ വര്‍ധന വന്നിട്ടുണ്ടെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല