സ്വന്തം ലേഖകന്‍: താലിബാന് നേതൃത്വവുമായി നടത്തുന്ന ചര്‍ച്ചയില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ അമേരിക്കയ്ക്ക് കൂടുതല്‍ നാശനഷ്ടങ്ങള്‍ വരുത്തുമെന്ന ഭീഷണിയുമായി താലിബാന്. സംഘടനയുടെ വക്താവ് സബീഹുല്ല മുജാഹിദ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ആക്രമണം നടത്തുമെന്ന ഭീഷണിയുള്ളത്.
അഫ്ഗാനിലെ അമേരിക്കന്‍ സൈനികരുടെ ജീവനും സ്വത്തിനും ഏല്ക്കുന്ന നഷ്ടം വര്‍ധിപ്പിക്കുമെന്ന് പ്രസ്താവനയില്‍ താലിബാന് പറയുന്നു. കഴിഞ്ഞ ദിവസം കാബൂളില്‍ അമേരിക്കന്‍ സൈനികനടക്കം കൊല്ലപ്പെട്ട ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന് ഏറ്റെടുത്തതിന് പിന്നാലെയാണ് ചര്‍ച്ചയില്‍ നിന്നും അമേരിക്ക പിന്മാറിയത്. അമേരിക്കയിലെ മേരീലാന്‍ഡില്‍ ട്രംപ് താലിബാന് നേതാക്കളുമായും അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്താനിരിക്കെയായിരുന്നു ആക്രമണമുണ്ടായത്.
20 ആഴ്ചയ്ക്കകം 5400 സൈനികരെ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വലിക്കുമെന്നും പകരം തീവ്രവാദപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു അമേരിക്കയും താലിബാനുമായുള്ള സമാധാന കരാര്‍. നിലവില്‍ അഫ്ഗാനില്‍ 14,000 ത്തോളം സൈനികരാണുള്ളത്. നിലവില്‍ ഒമ്പത് റൗണ്ട് ചര്‍ച്ചകള്‍ അമേരിക്കയും താലിബാനും നടത്തിയിട്ടുണ്ട്. എന്നാല്‍ സൈനികരെ പിന്‍വലിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല