സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം യുകെയിലെ പ്രവാസികളായ അവിദഗ്ദ തൊഴിലാളികളുടെ ഭാവി പ്രതിസന്ധിയിലാകുമെന്ന് റിപ്പോര്‍ട്ട്. തെരേസാ മേയ് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ബ്രിട്ടനിലെ വ്യവസായ മേഖലയെ അപ്പാടെ തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് എല്ലാ മേഖലകളിലും പ്രവാസി തൊഴിലാളികളെ നിരുത്സാഹപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ നയം. ശേഷിക്കുന്ന വ്യവസായങ്ങള്‍ ഉയര്‍ന്ന വൈദഗ്ദ്ധ്യമുള്ള ജീവനക്കാരെ ആകര്‍ഷിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
എന്നാല്‍, പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള അവിദഗ്ധ തൊഴിലാളികള്‍ക്ക് ബ്രിട്ടനിലേക്ക് വരുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്, എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍, നിര്‍മ്മാണം, ഭക്ഷണം, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യവസായ മേഖലയിലെ പ്രമുഖരെല്ലാം ഇതിനകം തന്നെ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
നോ ഡീല്‍ ബ്രെക്‌സിറ്റ് ഫലവത്താകില്ലെന്നും മേഖലയെ തകര്‍ക്കുമെന്നും ഇവര്‍ പറയുന്നു. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മിനി ബ്രെക്‌സിറ്റിന് ശേഷം പ്ലാന്റ് താത്കാലികമായി അടച്ച് പൂട്ടുവാനും തീരുമാനിച്ചിട്ടുണ്ട്.
വിദഗ്ധ തൊഴിലാളികള്‍ക്കായുള്ള ടയര്‍ 2 വിസക്ക് ഉണ്ടായിരുന്ന നിയന്ത്രണം നീക്കണമെന്ന മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ സ്വീകരിച്ചെങ്കിലും അവിദഗ്ധ തൊഴിലാളികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല