സ്വന്തം ലേഖകന്‍: ഇറാനും, സൗദിയും തമ്മിലുള്ള ബലപരീക്ഷണത്തിന് വേദിയായി യെമന്‍; കൊടുംപട്ടിണിയില്‍ നരകിക്കുന്നത് 50 ലക്ഷം കുട്ടികള്‍. ബ്രിട്ടന് ആസ്ഥാനമായുള്ള സേവ് ദ ചില്‍ഡ്രന്‍ സംഘടനയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൊദയ്ദ തുറമുഖത്ത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സേന ആക്രമണം പുനരാരംഭിച്ചത് ആയിരക്കണക്കിനു കുട്ടികളുടെ പട്ടിണിമരണത്തില്‍ കലാശിക്കുമെന്നും സംഘടന മുന്നറിയിപ്പു നല്കി.
ചെങ്കടലില്‍ സ്ഥിതിചെയ്യുന്ന ഹൊദെയ്ദ തുറമുഖത്തുകൂടിയാണ് യെമനിലേക്ക് ഭക്ഷണവും ഇന്ധനവും അടക്കമുള്ള സഹായം എത്തുന്നത്. 2014 മുതല്‍ തുറമുഖം ഇറാന്റെ പിന്തുണയുള്ള ഹൗതി വിമതരുടെ നിയന്ത്രണത്തിലാണ്. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള സമാധാന ചര്‍ച്ച പൊളിഞ്ഞതിനെത്തുടര്‍ന്ന്, ഹൊദെയ്ദ പിടിക്കാന്‍ ഈ മാസം ആദ്യംമുതല്‍ സൗദി ആക്രമണം ആരംഭിച്ചിരിക്കുകയാണ്.
ഭക്ഷ്യവിതരണത്തിനു നേരിയ തടസം നേരിട്ടാല്‍ പോലും ആയിരക്കണക്കിനു കുട്ടികള്‍ മരിക്കുമെന്ന് സേവ് ദ ചില്‍ഡ്രന്‍ പ്രതിനിധികള്‍ പറഞ്ഞു. പട്ടിണികിടന്ന് എല്ലുംതോലുമായി കരയാന്‍പോലും ശക്തിയില്ലാത്ത കുട്ടികളെ യെമനിലെ ആശുപത്രിയില്‍ താന്‍ കണ്ടെന്ന് സംഘടനയുടെ സിഇഒ ഹെല്ലെ തോണിംഗ് ഷ്മിഡ്റ്റ് പറഞ്ഞു. യെമനിലെ യുദ്ധത്തില്‍ 10,000 പേര് കൊല്ലപ്പെടുകയും 30 ലക്ഷം പേര് പലായനം ചെയ്യുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല