സ്വന്തം ലേഖകന്‍: പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേസ് വിമാനങ്ങള്‍ കൂട്ടത്തോടെ സര്‍വീസ് റദ്ദാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ മുതലാണ് 48 മണിക്കൂര്‍ സമരം തുടങ്ങിയത്. കമ്പനിയുടെ ബഹുഭൂരിപക്ഷം സര്‍വീസുകളും റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ചരിത്രത്തില്‍ ആദ്യമായാണ് ബ്രിട്ടീഷ് എയര്‍വേസില്‍ പൈലറ്റുമാര്‍ ആഗോള തലത്തില്‍ പണിമുടക്ക് നടത്തുന്നത്.
ശമ്പള വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ മാസം തന്നെ പൈലറ്റുമാരുടെ യൂണിയന് കമ്പനിക്ക് പണിമുടക്ക് നോട്ടീസ് നല്‍കിയിരുന്നു. സപ്തംബര്‍ 9,10 ദിവസങ്ങളിലും 27 ാം തീയതിയുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വീസുകള്‍ റദ്ദാക്കുന്ന കാര്യം മുന്‍കൂട്ടി അറിയിക്കാതിരുന്നതോടെ യാത്രക്കാര്‍ അക്ഷരാര്‍ഥത്തില്‍ പെരുവഴിയിലായി.
പലരും വിമാനത്താവളങ്ങളില്‍ എത്തിയപ്പോഴാണ് സര്‍വീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്. പ്രധാനമന്ത്രി ബോറിസ് ജോണ്സണ് സമരക്കാരോടും കമ്പനിയോടും തര്‍ക്കം അവസാനിപ്പിച്ച് പ്രശ്നപരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ശമ്പളവിഷയത്തില്‍ ഒമ്പത് മാസമായി പൈലറ്റുമാരും കമ്പനിയും തമ്മില്‍ തര്‍ക്കത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല