സ്വന്തം ലേഖകന്‍: യുഎസിലെ ഡേ കെയര്‍ സെന്ററില്‍ കത്തിയുമായി വനിതയുടെ വിളയാട്ടം; മൂന്നു ശിശുക്കളെയും രണ്ടു മുതിര്‍ന്നവരെയും കുത്തിപ്പരിക്കേല്‍പ്പിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ കീഴ്പ്പെടുത്തി. മൂന്നു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനും ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനും വയറ്റിലാണ് കുത്തേറ്റത്. 20 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ചെവിയും ചുണ്ടും മുറിഞ്ഞു.
പ്രാദേശിക സമയം പുലര്‍ച്ചെ നാലിന് നടന്ന സംഭവത്തില്‍ പരുക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് പൊലീസ് നല്കുന്ന സൂചന. കൃത്യത്തിനുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച അമ്പത്തിരണ്ടുകാരിയായ നഴ്സറി ജീവനക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ കാരണം അറിവായിട്ടില്ല. കസ്റ്റഡിയിലെടുത്ത സ്ത്രീയുടെ ദേഹത്ത് മുറിവുകളുണ്ട്. ഇവര്‍ സ്വയം പരിക്കേല്‍പ്പിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം.
കൃത്യം നടത്തിയ സ്ത്രീയെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു. ഇവരെ മാനസിക പരിശോധനയ്ക്ക് വിധേയയാക്കിയതായി പൊലീസ് വ്യക്തമാക്കി. കുത്തേറ്റവരില്‍ ഒരാള്‍ കുട്ടികളിലൊരാളുടെ പിതാവാണ്. നഴ്സറിയിലെ മറ്റൊരു ജീവനക്കാരിയും കുത്തേറ്റവരില്‍ ഉള്‍പ്പെടും. ക്യൂന്സ്ബറോയിലെ ഈ സെന്ററില്‍ ഒമ്പതു ശിശുക്കളാണുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല